IndiaNEWS

ചോദിച്ചത് ഒരു പൂ, കൊടുത്തത് ഒരു പൂക്കാലം! ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയത് വ്യാപക വ്യോമാക്രമണം; തകര്‍ത്തത് പാക്കിസ്ഥാന്റെ അരഡസന്‍ യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന വിക്ഷേപിച്ച ക്രൂയിസ് മിസൈലുകള്‍, ഉപരിതല മിസൈലുകള്‍ എന്നിവയാണ് പാക്ക് വ്യോമസേനയെ നിഷ്പ്രഭമാക്കിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണത്തില്‍ 6 പാക്ക് എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍, രണ്ട് ഹൈവാല്യു വിമാനങ്ങള്‍, 10-ലധികം യുസിഎവികള്‍ (അണ്‍മാന്‍ഡ് കോംപാക്ട് ഏരിയല്‍ വെഹിക്കിള്‍), ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എന്നിവ തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വച്ചു തന്നെയാണ് ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടത്. നാല് ദിവസം നീണ്ടുനിന്ന പോരാട്ടത്തിനിടെ, എയര്‍ ടു സര്‍ഫേസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ബൊളാരി വ്യോമതാവളത്തില്‍ ആക്രണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു സ്വീഡിഷ് നിര്‍മിത എഇഡബ്‌ള്യുസി വിമാനം കൂടി പാക്കിസ്ഥാന് നഷ്ടപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയില്‍ മറ്റ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതില്‍ എത്രയെണ്ണം തകര്‍ക്കപ്പെട്ടുവെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Signature-ad

പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ റഡാറുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ആക്രമണം നടന്നതിനുപിന്നാലെ ഇവ അപ്രത്യക്ഷമായെന്നും വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ ഇതിനെ തകര്‍ത്തുവെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളിലൊന്നിലാണ് പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ഒരു സി -130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം നഷ്ടപ്പെട്ടത്.

പാക്കിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന ആകാശത്ത് നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകള്‍ മാത്രമേ ഉപയോഗിച്ചുള്ളൂവെന്നും ആക്രമണങ്ങളില്‍ ഉപരിതലത്തില്‍നിന്നു വിക്ഷേപിക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

റഫാല്‍, സുഖോയ്-30 ജെറ്റുകള്‍ നടത്തിയ നടത്തിയ ആക്രമണത്തില്‍, പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മിത ഡ്രോണുകളെ വ്യാപകമായി നശിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ ശേഖരിച്ച വലിയ അളവിലുള്ള ഡേറ്റയുടെ വിശകലനം ഇന്ത്യന്‍ വ്യോമസേന ഇപ്പോഴും നടത്തിവരികയാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Back to top button
error: