പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മുഖ്യമന്ത്രി, സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു, അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ല- കെസി വേണുഗോപാൽ

മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് വന്നതിനു തന്നെ കാരണം വെറുക്കപ്പെട്ട സർക്കാരിന്റെ പരിണതഫലമാണ്. വഞ്ചനയുടെയും ചതിയുടെയും കഥകൾ പുറത്തുപറയാൻ തുടങ്ങിയാൽ പാർട്ടി സഖാക്കൾക്കു മുഖ്യമന്ത്രിയെപ്പറ്റി പലതും പറയാൻ കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂരിലേത് ഈ സർക്കാരിനെതിരായ കാഹളം മുഴക്കേണ്ട തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയാണ്. സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്നു വിഎസ് സുനിൽ കുമാറിനെ പോലും തൃശൂരിൽ മുഖ്യമന്ത്രി ചതിച്ചു. ദേശീയപാതയിലുണ്ടായ തകർച്ചയിൽ കേരളം അപമാനം കാരണം തലകുനിച്ചു, മലപ്പുറം ജില്ലയെ അപമാനിച്ച ആളാണ് പിണറായി വിജയൻ. ഈ ജില്ലയ്‌ക്കെതിരെ ഏറ്റവും വലിയ ചതി ചെയ്തു. മറ്റു ജില്ലകളുടെ കാര്യം മറച്ചുവച്ച് മലപ്പുറത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു. അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു.

അതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുകിട്ടാൻ ഉപയോഗിക്കുന്ന കൈക്കൂലി ആയാണ് പിണറായി സർക്കാർ ക്ഷേമ പെൻഷനെ കാണുന്നത്. കപ്പൽ അപകടം ഉണ്ടായിട്ട് ഈ സർക്കാർ അനങ്ങിയില്ല. കപ്പൽ കമ്പനിക്കെതിരെ സർക്കാർ കേസുമായി മുന്നോട്ടുപോയില്ല. മലയോരവാസികൾ ഉറങ്ങിയിട്ട് എത്ര കാലമായി. വന്യമൃഗങ്ങളുടെ മുന്നിലേക്ക് ചാകാനായിട്ട് സാധാരണക്കാരനെ ഇട്ടുകൊടുക്കുകയാണ്. ഓരോ ദിവസവും ആക്രമണം പെരുകുകയാണ്. സ്വന്തം വീട്ടിൽ മലയോരവാസികൾക്ക് കിടന്നുറങ്ങാൻ സാധിക്കുന്നില്ല. ബിജെപിയുടെ പൂതി നിലമ്പൂരിൽ നടക്കാൻ പോകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഈ സർക്കാരിൽനിന്നു മോചനം വേണമെന്ന് യഥാർഥ കമ്യൂണിസ്റ്റുകാരൻ നെഞ്ചിൽ കൈവച്ച് പറയുകയാണ്. നിലമ്പൂരിലെ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബാപ്പൂട്ടിക്ക് ഒരു വോട്ട് നൽകി വിജയിപ്പിച്ചാൽ യുഡിഎഫിന്റെ ഈ നേതൃനിരയാകെ നിലമ്പൂരിനൊപ്പം ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.