Breaking NewsSports

തകർത്തടിച്ച് രോ​ഹിത്തും ജോണിയും, അവസാന ഓവറിൽ വിശ്വരൂപം പുറത്തെടുത്ത് പാണ്ഡ്യ, ഒരോവറിൽ പിറന്നത് 22 റൺസ്, മുംബൈ ഇന്ത്യൻസിനെതിരെ ​ഗു​ജറാത്തിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം

മുല്ലൻപുർ: ഓപ്പണർമാരായ രോഹിത് ശർമയും ജോണി ബെയർസ്‌റ്റോയും തിളങ്ങിയ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 229 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 228 റൺസിലെത്തിയത്. അവസാന ഓവറിൽ മുംബൈ ക്യാപ്റ്റൻ തന്റെ വിശ്വരൂപം പുറത്തെടു‌ക്കുക കൂടി ചെയ്തതോടെ ​ഗുജറാത്ത് ടൈറ്റൻസിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം. ജെറാൾഡ് കോട്ട്‌സീയെറിഞ്ഞ അവസാന ഓവറിൽ മാത്രം പിറന്നത് 22 റൺസ്. മൂന്നു സിക്സും മൂന്നു വൈഡുമുൾപ്പെടെയായിരുന്നു ഇത്.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ രോഹിത് നൽകിയ രണ്ടു ക്യാച്ചുകൾ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്. 50 പന്തിൽ നിന്ന് 81 റൺസെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറർ. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Signature-ad

ആദ്യം ബാറ്റിങ്ങിനിറങ്ങിയ രോഹിത്- ജോണി ബെയർസ്‌റ്റോ ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 44 പന്തിൽ നിന്ന് 84 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ബെയർ‌സ്റ്റോയായിരുന്നു തുടക്കത്തിൽ കൂടുതൽ അപകടകാരി. 22 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 47 റൺസെടുത്ത ബെയർസ്‌റ്റോയോ മടക്കി സായ് കിഷോറാണ് ഗുജറാത്തിന് ആശ്വാസമേകിയത്.

തൊട്ടുപിന്നാലെയെത്തിയ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് രോഹിത് 59 റൺസ് മുംബൈ സ്‌കോറിലേക്ക് ചേർത്തു. 13-ാം ഓവറിൽ സായ് കിഷോർ തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു. 20 പന്തിൽ നിന്ന് 33 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 11 പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 25 റൺസെടുത്ത തിലക് വർമയും ഭേദപ്പെട്ട സംഭാവന നൽകി. അവസാന ഓവറിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ വെറും ഒമ്പത് പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 22 റൺസോടെ പുറത്താകാതെ നിന്നു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Back to top button
error: