പക വീട്ടുമോ അന്‍വര്‍? ഷൗക്കത്തുമായി തീര്‍ക്കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്; അന്‍വര്‍ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിക്കു പിരിച്ച പണത്തിന്റെ കണക്കു ചോദിച്ചു രംഗത്തെത്തി; മലയോര ജനതയോടുള്ള ‘പ്രേമം’ തുറന്നുകാട്ടി; ആദിവാസികള്‍ നടത്തിയ സമരത്തെയും പിന്തുണച്ചു; വൈരാഗ്യത്തിന്റെ വഴി ഇങ്ങനെ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗത്തിനെതിരേ പി.വി. അന്‍വര്‍ രംഗത്തു വന്നതിനു പിന്നില്‍ ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തുടരുന്ന അകല്‍ച്ച. ആര്‍ക്കു ലഭിച്ചാലും അന്‍വറിന്റെ പിന്തുണ ഷൗക്കത്തിനു ലഭിക്കില്ല. ഇരുവരും തമ്മിലുള്ള ബദ്ധ ശത്രുതയ്ക്കു രാഷ്ട്രീയ കാരണങ്ങളാണുള്ളതെങ്കിലും അത് വ്യകതിപരമായ പ്രശ്‌നമെന്ന നിലയിലാണ് ഇരുവരും കാണുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയായിരുന്നു 2016ല്‍ അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തിയത്.
അന്‍വറിന്റെ പല പ്രവര്‍ത്തനങ്ങളെയും ഷൗക്കത്ത് നിയമപരമായി നേരിട്ടതോടെയാണു ശത്രുത വര്‍ധിച്ചത്. പല കോണ്‍ഗ്രസ് നേതാക്കളും അന്‍വറുമായി അടവുനയം സ്വീകരിച്ചപ്പോഴും ഷൗക്കത്ത് വഴങ്ങിയില്ല. 2019ലെ പ്രളയത്തില്‍ പാലവും വീടും നഷ്ടപ്പെട്ടു വനത്തിനുള്ളില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആര്യാടന്‍ ഷൗക്കത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി നിയമപോരാട്ടവും നടത്തി. റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ പ്രളയ പുനരധിവാസത്തിന് അന്‍വര്‍ സ്വന്തം നിലയ്ക്കു ഫണ്ട് പിരിച്ചിട്ടും ദുരന്തബാധിതരെ സഹായിക്കാത്തതിനെതിരേ നടന്ന സമരത്തിനും ഷൗക്കത്ത് നേതൃത്വം നല്‍കി.

ഭൂമിക്കായി നിലമ്പൂരില്‍ ആദിവാസികള്‍ നടത്തിയ സമരത്തിനും ഷൗക്കത്ത് പിന്തുണ നല്‍കിയിരുന്നു. ആദിവാസി ഭൂ സമരത്തിനെതിരേ അന്‍വര്‍ നിലപാടെടുത്തപ്പോഴായിരുന്നു പിന്തുണയുമായി ഷൗക്കത്ത് രംഗത്തെത്തിയത്. മുഖ്യമന്ത്രിയുമായി ഇടഞ്ഞ് പി.വി. അന്‍വര്‍ രൂപവത്കരിച്ച ഡി.എം.കെയുടെ നേതൃത്വത്തില്‍, വന്യജീവി ആക്രമണം ഉന്നയിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍, ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമണമല്ല യു.ഡി.എഫ്. പ്രവേശനത്തിനുള്ള വഴിയെന്നായിരുന്നു ഷൗക്കത്തിന്റെ പരസ്യ പ്രതികരണം.
കഴിഞ്ഞ ഒന്‍പതു വര്‍ഷം വന്യജീവി സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്കൊപ്പം കോണ്‍ഗ്രസ് സമരം നടത്തിയപ്പോള്‍ അന്‍വറിനെ ഒരിടത്തും കണ്ടില്ലെന്ന ആക്ഷേപവും ഷൗക്കത്ത് ഉന്നയിച്ചു.തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എം.എല്‍.എ. സ്ഥാനം രാജിവച്ചപ്പോള്‍ അന്‍വര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടിയതു ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെയായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെക്കുറിച്ചു ചോദിച്ചപ്പോഴല്ലൊം ‘അയാള്‍ നാട്ടിലുണ്ടോ സിനിമാക്കാരനല്ലേ കഥയെഴുതുകയാണെന്നു’ പറയാനും അന്‍വര്‍ മടിച്ചിരുന്നില്ല. വി.എസ്. ജോയി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ഷൗക്കത്ത് മത്സരിച്ചാല്‍ ഭൂരിപക്ഷം കുറയുമെന്നും പറഞ്ഞ് ഉടക്കിടുകയും ചെയ്തു.
പിണറായിസത്തിനെതിരേയാണ് പോരെന്നും യു.ഡി.എഫ്. ഏതു ചെകുത്താനെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും പറഞ്ഞ് മിനിറ്റുകള്‍ക്കകമാണ് ആര്യാടന്‍ ഷൗക്കത്തിനെതിരേ അന്‍വര്‍ രംഗത്തെത്തിയത്. മുമ്പ് നെയ്ാറ്റിന്‍കരയില്‍ എംഎല്‍എ സ്ഥാനം രാജിവച്ച സിപിഎം നേതാവ് സെല്‍വരാജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ച കീഴ്വഴക്കം ചൂണ്ടികാട്ടി നിലമ്പൂരില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കാനായിരുന്നു അന്‍വറിന്റെ ശ്രമം. ഈ നീക്കം തടഞ്ഞത് ആര്യാടന്‍ ഷൗക്കത്താണ്. ഇത് വിരോധം വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്തു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഷൗക്കത്തിനോടു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു പി.വി. അന്‍വറിന്റെ സമ്മര്‍ദ തന്ത്രങ്ങളുണ്ടായപ്പോഴും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന ഉറപ്പ് മുതിര്‍ന്ന നേതാക്കള്‍ ഷൗക്കത്തിനു നല്‍കി.