Breaking NewsKeralaLead NewsNEWSpolitics

വി.എസ്. ജോയിയെ തഴഞ്ഞത് രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ട്; ആര്യാടന്‍ ഷൗക്കത്ത് സിപിഎം സ്ഥാനാര്‍ഥിയാകാന്‍ ചര്‍ച്ച നടത്തിയയാള്‍; പിണറായിക്കെതിരേ ഒരു വരി എഴുതില്ല; വലതുപക്ഷത്തെ ഇടതുപക്ഷം; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാക്കുമോ അന്‍വര്‍?

മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടൻ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അൻവർ പരസ്യമായി തുറന്നടിച്ചു.

നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെതിരെ ഉയർത്തിയത്. ആര്യാടൻ ഷൌക്കത്തിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് നിലമ്പൂരിലെ സിപിഎം ഏരിയാ കമ്മറ്റികളും ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതോടെയാണ് അതില്ലാതായതെന്നാണ് അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചത്.

Signature-ad

നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യൻ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി.

വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ പിന്തുണക്കാൻ തക്ക നിലയിലുള്ള ഒരു നേതൃത്വം കോൺഗ്രസിൽ ഇല്ലാതെ പോയി. ജോയിക്ക് ഗോഡ് ഫാദർ ഇല്ലാതെ പോയി. ജോയിയെ മാറ്റി നിർത്തുന്നതിലൂടെ മലയോര കർഷകരെയാകെയാണ് മാറ്റി നിർത്തുന്നത്. കേരളത്തിലിന്ന് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന മേഖലയാണ് മലയോര കർഷകരുടേത്. അവരെ അവഗണിക്കാൻ പാടില്ലായിരുന്നുവെന്നും അൻവർ തുറന്നടിച്ചു.

ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കെപിസിസി നൽകിയ പേര് എഐസിസി അംഗീകരിച്ചു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്.

Back to top button
error: