മീനാക്ഷി ഇപ്പോള്‍ ഡോക്ടര്‍; ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ജോലി; മകളെക്കുറിച്ചുള്ള സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ്; ‘വീട്ടില്‍ സ്ഥിര വരുമാനം ഉള്ളത് അവള്‍ക്കു മാത്രം; പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നു; പ്രതിസന്ധിയില്‍ അവളായിരുന്നു എന്റെ ബലം’

മകള്‍ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയെന്ന് നടന്‍ ദിലീപ്. പുതിയ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവകതാരക ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.
മീനാക്ഷി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടര്‍ ഉള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പോകാമെന്നും ദിലീപ് പറഞ്ഞു. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്.

പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം, സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങില്‍ സജീവമാണ് മീനാക്ഷി. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ മകള്‍ മീനാക്ഷി നല്‍കിയ പിന്തുണ വാക്കുകളില്‍ ഒതുക്കാനാവില്ലെന്നും ദിലീപ് പറഞ്ഞു. തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്നും ദിലീപ് പറയുന്നു. ‘എന്റെ ബലമാണവള്‍. പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ മീനാക്ഷി പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. അവള്‍ പഠിച്ച് ഡോക്ടറായി. അവള്‍ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോര്‍ട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നില്‍ക്കുകയും ചെയ്തു- ദിലീപ് പറഞ്ഞു. കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങളോടാണ് ഫൈറ്റ് ചെയ്യുന്നത്. ഞാന്‍ ഒരാളല്ല. എന്നെ ആശ്രയിച്ച് നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കുടുംബങ്ങളുണ്ട്. കൊവിഡ് സമയത്ത് പോലും ഞാന്‍ ഒരു ജോലിക്കാരെയും പറഞ്ഞ് വിട്ടിട്ടില്ല. എല്ലാവര്‍ക്കും കറക്ട് ശമ്പളവും കിറ്റും എത്തിയിരുന്നു.
മന്ത്രി ഗണേശ് കുമാറിന്റെയുള്‍പ്പെടെ പേര് ദിലീപ് എടുത്ത് പറഞ്ഞിട്ടുണ്ട്. ‘ഗണേശേട്ടനെ എനിക്ക് മറക്കാന്‍ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും. എന്റെ ഫാമിലിയെ പാംപര്‍ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടന്‍, ജോഷി സര്‍, പ്രിയന്‍ സര്‍, ബി ഉണ്ണികൃഷ്ണന്‍, ലാല്‍ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോള്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തവരുടെ മുകളില്‍ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാന്‍ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നില്‍ വന്ന് ഫൈറ്റ് ചെയ്യാന്‍ നില്‍ക്കാത്തവരാണ്. അല്ലാത്ത എല്ലാ കാര്യങ്ങളിലും അവര്‍ സപ്പോര്‍ട്ട് തരും.
ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടന്‍ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടില്‍ കരി ഓയില്‍ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരില്‍ ബലിയാടുകളായ ഒരുപാട് പേരുണ്ട്. എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിര്‍ത്തി. കുറച്ച് പേരുടെ അജണ്ടയാണ്. അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. എല്ലാം നിന്ന് പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വന്നു. എന്റെ തിയറ്റര്‍ അടച്ച് പൂട്ടാനുള്ള ശ്രമം നടത്തിയപ്പോള്‍ തിയറ്റര്‍ അസോസിയേഷന്‍ വന്ന് ഇടപെട്ടു. വ്യക്തിപരമായി സപ്പോര്‍ട്ട് ചെയ്ത ഒരുപാട് പേര്‍ വേറെയുമുണ്ട്. കാരണം നമ്മളെന്താണെന്ന് അവര്‍ക്കറിയാം. അവരുടെ മുമ്പില്‍ വളര്‍ന്നയാളാണ് ഞാന്‍. നമ്മളോട് ഇഷ്ടമുള്ള ഒരുപാട് പേര്‍ ഒന്നും പറയാന്‍ പറ്റാതെ നില്‍ക്കുകയാണെന്നും ദിലീപ് പറഞ്ഞു.