വിഴിഞ്ഞം സംസ്ഥാന സര്‍ക്കാരിന്റെ തുറമുഖം, അദാനിയുടേതല്ല; പിണറായി വിജയന്‍; പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രത്തെ ചാരിനിന്നു; സംസ്ഥാനം കടക്കെണിയിലല്ലെന്നും മുഖ്യമന്ത്രി

തൃശൂര്‍: വിഴിഞ്ഞം തുറമുഖം കേരള സര്‍ക്കാരിന്റേതാണെന്നും അതില്‍ അദാനി മുടക്കിയതിന്റെ ഇരട്ടിയിലേറെ സര്‍ക്കാര്‍ മുടക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിയുടെ തുറമുഖം എന്ന് ചിലര്‍ വിളിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഫണ്ട് ഗ്രാന്‍ഡായി നല്‌കേണ്ടതാണ്. പക്ഷേ കടമായാണ് നല്കിയത്. ഈ വിഹിതം ചെറുതാണ്. മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി േതക്കിന്‍കാട് മൈതാനിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തിനായി ആകെ ചിലവഴിച്ചത് 8867 കോടിയാണ്. 5595 കോടി രൂപ കേരളമാണ് ചിലവിട്ടത്. അദാനിയാകട്ടെ 2454 കോടി മാത്രമാണ്. ഇത് കേരളത്തിലേതു മാത്രമല്ല, രാജ്യത്തെ തന്നെ വലിയ തുറമുഖങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്നു. എക്കാലത്തും നുണപ്രചരണം നടത്തുകയാണ് വികസന വിരോധികള്‍. സംസ്ഥാനം കടക്കെണിയിണെന്നു പ്രചരിപ്പിക്കുന്നു. എന്നാല്‍, കോവിഡിനുശേഷം കേരളം ഒരുപാടു മുന്നോട്ടുപോയി.

2106 എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതു കൊണ്ട് മാത്രമാണ് ആരോഗ്യ രംഗത്തും വിദ്യഭ്യാസ രംഗത്തും സമഗ്രമാറ്റം കൊണ്ടു വരാനായത്. കേരളത്തില്‍ ദേശീയ പാത വികസനവും ഗ്യാസ് പൈപ്പിടലും വൈദ്യുത ഗ്രിഡും തുടങ്ങി ഒന്നും നടക്കില്ലെന്ന് പറഞ്ഞ് കമ്പനികള്‍ പിന്‍മാറിയതാണ്. ഇവയെയെല്ലാം തിരികെ കൊണ്ട് വന്ന് രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ ദേശീയപാത വികസനം നടപ്പിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ തൃശൂര്‍ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍, റവന്യൂ മന്ത്രി കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.