ബേക്കറിയുടെ പേരു മാറ്റണം; പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ‘കറാച്ചി ബേക്കറി’ക്കെതിരേ വീണ്ടും പ്രതിഷേധം; ബോര്‍ഡിനു മുകളില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടും അയവില്ല; ബേക്കറി ഉടമകളെ പിന്തുണച്ചും നിരവധിപ്പേര്‍
ഇന്ത്യാ വിഭജനം നടന്ന കാലത്ത് ഇന്ത്യയില്‍ താമസിക്കണമെന്ന ആഗ്രഹത്തോടെ എത്തിയാണു ബേക്കറി 1953ല്‍ സ്ഥാപിച്ചതെന്ന് ഉടമകളായ രാജേഷും ഹാരിഷ് രാംനാനിയും പറഞ്ഞു. ഖാന്‍ചന്ദ് രാംനാനിയാണ് ഇതു സ്ഥാപിച്ചത്. അന്നുമുതല്‍ ഇന്നുവരെ 'കറാച്ചി ബേക്കറി' എന്നാണു സ്ഥാപനത്തിന്റെ പേര്.

ഹൈദരാബാദ്: ഇന്ത്യ ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്താനുനേരെ ആക്രണം അഴിച്ചുവിട്ടതിനു പിന്നാലെ ഹൈദരാബാദില്‍നിന്ന് ഇന്ത്യയിലെമ്പാടും പ്രശസ്തി നേടിയ ‘കറാച്ചി’ ബേക്കറിയുടെ തെലങ്കാനയിലെ ബ്രാഞ്ചുകള്‍ക്കു നേരെയും പ്രതിഷേധം. ‘കറാച്ചി’യെന്നു പാകിസ്താനിലെ സ്ഥലമാണെന്നും ഇതിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേരുടെ പ്രതിഷേധം. പാകിസ്താനി നഗരങ്ങളുടെ പേരുവച്ച് ഇന്ത്യയില്‍ ഒരു വ്യാപാരവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളാണു പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും പറയുന്നു. പ്രതിഷേധം ശക്തമായതോടെ ബീഗംപേട്ട്, മൊവാസാം ജാഹി മാര്‍ക്കറ്റ് എന്നിവയടക്കമുള്ള കടകളുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഉടമകള്‍ പറയുന്നു.
പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭീഷണിയുമായി ശിവസേന നേതാവ് നിഥിന് നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താന് നഗരത്തിന്റെ പേരായ കറാച്ചിക്ക് പകരം മറാത്തി പേരാക്കണമെന്നാണ് നന്ദഗാവ്കര്‍ ആവശ്യപ്പെട്ടത്. കൂടാതെ, ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ശിവസേന നേതാവ് ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് കടയുടെ പേര് പേപ്പര്‍ കൊണ്ട് ഉടമകള്‍ മറച്ചിരുന്നു.

ഇന്ത്യാ വിഭജനം നടന്ന കാലത്ത് ഇന്ത്യയില്‍ താമസിക്കണമെന്ന ആഗ്രഹത്തോടെ എത്തിയാണു ബേക്കറി 1953ല്‍ സ്ഥാപിച്ചതെന്ന് ഉടമകളായ രാജേഷും ഹാരിഷ് രാംനാനിയും പറഞ്ഞു. ഖാന്‍ചന്ദ് രാംനാനിയാണ് ഇതു സ്ഥാപിച്ചത്. അന്നുമുതല്‍ ഇന്നുവരെ ‘കറാച്ചി ബേക്കറി’ എന്നാണു സ്ഥാപനത്തിന്റെ പേര്. പേരിനെതിരേ ഉയരുന്ന പ്രതിഷേധത്തില്‍നിന്നു സംരക്ഷണം നല്‍കണമെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും ഉടമകള്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍, പ്രദേശവാസികള്‍ ബേക്കറിക്കുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. കറാച്ചി സിന്ധി കുടിയേറ്റക്കാരാണെന്നും ഇന്ത്യയുടെ ഭാഗമാണെന്നും പാകിസ്താനില്‍നിന്ന് കുറച്ചുപേര്‍ ഇവിടെവന്നു തോന്ന്യവാസം കാട്ടിയതിനു ബേക്കറി ഉടമകള്‍ എന്തു പിഴച്ചെന്നും ഒരാള്‍ ചോദിച്ചു. ഇവരെ വെറുതേ വിടണമെന്നും ‘കറാച്ചി’ എന്നതൊരു പേരു മാത്രമാണെന്നും മറ്റൊരാള്‍ പറഞ്ഞു.