തൃശൂരിലെ മഴക്കെടുതി: രണ്ടാംഘട്ടമായി 5.68 കോടി ധനസഹായം നല്‍കും; ആകെ ധനസഹായം 14.56 കോടി; 70 ശതമാനത്തിനു മുകളില്‍ നാശമുള്ളവര്ക്കു മുഴുവന്‍ പണവും ലഭിക്കും

തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കു നാശം സംഭവിച്ചവര്‍ക്കു വിതരണം ചെയ്യാന്‍ 5.68 കോടികൂടി അനുവദിച്ചു. 23 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെന്നു റവന്യൂമന്ത്രി കെ. രാജന് പറഞ്ഞു. 2024-ലെ കനത്തമഴയില്‍ വീടുകള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചിരുന്നു. എസ്ഡിആര്‍എഫ് വിഹിതമായി 8.88 കോടി നേരത്തേ അനുവദിച്ചിരുന്നു.
പ്രത്യേക ദുരന്തമായി സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്ക്കാണു എസ്ഡിആര്‍എഫ് വിഹിതത്തോടൊപ്പം സിഎംഡിആര്എഫില്നിന്നുള്ള വിഹിതംകൂടി ചേര്‍ത്തു പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലും തൃശൂര്‍ ജില്ലയിലെ വീടുകള്‍ക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അനുവദിച്ച ആകെത്തുക 14.56 കോടിയാകുമെന്നും 1810 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞതു 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്കാണ് സഹായം. 70 ശതമാനത്തിനു മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്കു പൂര്‍ണമായി നഷ്ടം കണക്കാക്കിയാണു തുക അനുവദിച്ചത്. നാലുലക്ഷം രൂപ ഇവര്‍ക്കു ലഭിക്കും. 1,80,000 രൂപ മാത്രമാണ് എസ്ഡിആര്‍എഫ് വിഹിതം. ശേഷിക്കുന്ന 2,20,000 രൂപ സിഎംഡിആര്എഫില്നിന്നാണു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.