ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം, ഉടമ വിദേശത്ത്

മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു പിറകുവശത്ത്ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം കിടന്നത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. അതേസമയം മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല.
വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടത്. രാവിലെ ആമകൾക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടർന്ന് ടാങ്കിനുള്ളിൽ യുവതിയുടെ മൃതദേഹം കാണുകയായിരുന്നു.

മൂന്നുദിവസം മുൻപാണ് അവസാനമായി വാട്ടർ ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഇന്ന് രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകൾക്ക് തീറ്റ നൽകാനും എത്തിയത്. വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങളുണ്ട്. സംഭവത്തിൽ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.