
ഇംഫാല്‍: മണിപ്പുരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അസ്‌കര്‍ അലി മക്കാക്മയുവിന്റെ വസതി തീയിട്ട് നശിപ്പിച്ചു. തൗബല്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ സര്‍വീസിനെയും പൊലീസിനെയും പ്രതിഷേധക്കാര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വഖഫ് ഭേദഗതി ബില്ലിനെ അസ്‌കര്‍ പിന്തുണച്ചിരുന്നതായും അതിനെതിരെ പ്രതിഷേധിച്ച ആളുകളെ ഇയാള്‍ വിമര്‍ശിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അസ്‌കര്‍ അലി ക്ഷമാപണം നടത്തുകയും പുതിയ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

‘വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രീയം കളിക്കരുത്. ഞങ്ങള്‍ ബില്ലിനെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ വഖഫ് ഭേദഗതിയെ പിന്തുണയ്ക്കുന്നു,’ എന്നായിരുന്നു അദ്ദേഹം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം ആദ്യം പോസ്റ്റിട്ടത്.
വീടിന് തീയിട്ടതിന് പിന്നാലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ മുന്‍ നിലപാടിന് ക്ഷമാപണം നടത്തുകയും വഖഫ് ഭേദഗതി നിയമം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ളതാണ് വീഡിയോ. ദിവസങ്ങള്‍ക്ക് മുമ്പാണ് വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.