Breaking NewsKeralaLead NewsNEWS

ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന് എതിരേ നടപടിയെടുക്കുമെന്ന് കെ. സുധകരന്‍; വി.ഡി. സതീശനും അതൃപ്തി; നേതാവിനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഭയം; ആശ സമരത്തില്‍ യഥാര്‍ഥ പ്രതിസന്ധി കോണ്‍ഗ്രസില്‍

കണ്ണൂര്‍: ആശാ സമരത്തിനെതിരെ നിലാപടെടുത്ത ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്് ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചന്ദ്രശേഖരന്റെ നിലപാട് പാര്‍ട്ടിയുടേതോ ഐഎന്‍ടിയുസിയുടെതോ അല്ലെന്നും ആശമാരുടെ സമരത്തോട് സര്‍ക്കാരിന് നിഷ്‌ക്രിയത്വമാണെന്നും സുധാകരന്‍ പറഞ്ഞു.

ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് പഠിക്കാന്‍ കമ്മിറ്റി ആകാമെന്ന ചന്ദ്രശേഖരന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കമ്മറ്റി വേണം എന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സമരത്തോട് ഐഎന്‍ടിയുസി അനീതി കാണിക്കുന്നതായി ആശമാര്‍ കുറ്റപ്പെടുത്തി.

Signature-ad

ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തോട് അനീതി കാണിച്ചു എന്നാണ് സെക്രട്ടറിയേറ്റ് മെഡിക്കല്‍ സമരം നടത്തുന്ന ആശ മാരുടെ പൊതുവികാരം. ഓണറേറിയം വര്‍ധിപ്പിക്കുന്നത് പഠിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ പിന്തുണച്ചത് വഞ്ചനാപരമാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഉചിതമായ മാര്‍ഗം വരുമ്പോള്‍ അത് സ്വീകരിക്കാന്‍ ആശമാര്‍ തയാറാകണം എന്നായിരുന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി.

സര്‍ക്കാര്‍ നിര്‍ദേശമായ പഠനസമിതി എന്ന ആവശ്യത്തെ ഐഎന്‍ടിയുസി പിന്തുണച്ചതിനോട് യോജിക്കാന്‍ പ്രതിപക്ഷ നേതാവ് തയാറായില്ല. ആശമാര്‍ ആവശ്യപ്പെട്ട മന്ത്രിതല തുടര്‍ചര്‍ച്ചയ്ക്ക് വഴിയടഞ്ഞതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് സമരക്കാര്‍. ഇതിനിടെ രാപകല്‍ സമരം 55ാം ദിവസവും നിരാഹാരം സമരം 17ാം ദിവസവും തുടരുകയാണ്.

ഇന്നു മാധ്യമങ്ങള്‍ക്കടക്കം നല്‍കിയ പ്രതികരണത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലപാടിനോടു യോജിക്കുന്ന തരത്തിലായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. ആശ വര്‍ക്കര്‍മാരുടെ കാര്യങ്ങളെല്ലാം മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ കേട്ടു. ഇതിനുശേഷം മന്ത്രിതന്നെയാണു പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാമെന്നു പറഞ്ഞത്. ഒരു ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ എല്ലാ ഭാഗത്തുനിന്നും വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. ആശമാരുടെ സമരപ്പന്തലില്‍ പോകുമെന്നും എപ്പോള്‍ പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

ആശമാരുടെ സമരം സര്‍ക്കാരിനെതിരായ വികാരമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കം ഐഎന്‍ടിയുസിയുടെ നിസഹകരണത്തെത്തുടര്‍ന്നാണു ഫലിക്കാതെ പോകുന്നത്. ഇക്കാര്യത്തില്‍ നേതൃത്വത്തിനടക്കം അതൃപ്തിയുണ്ട്. എന്നാല്‍, പണ്ടുമുതലേ യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ചന്ദ്രശേഖരനെ ഇതുകൊണ്ടു മെരുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമില്ല. എല്ലാ വിഷയങ്ങളിലും അവധാനതയോടെ തീരുമാനമെടുക്കുന്ന നേതാവായാണ് ചന്ദ്രശേഖരനെ ഇടതുപക്ഷവും കാണുന്നത്. കടുത്ത നടപടിയുണ്ടായാല്‍ അത് ഐഎന്‍ടിയുസിയുടെ അതൃപ്തിക്കും ഇടയാക്കും.

ഇപ്പോള്‍തന്നെ യുഡിഎഫ് നേതൃത്വത്തിലുള്ള പടലപ്പിണക്കങ്ങളും ചേരിതിരിവും ഹൈക്കമാന്‍ഡിനു വലിയ തലവേദനയാണ്. കേന്ദ്രത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ആശ പദ്ധതിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്ലാക്കാലത്തും ഇടതുപക്ഷം പ്രതിരോധം തീര്‍ത്തിരുന്നത്. ആശ വര്‍ക്കര്‍മാര്‍രെ സന്നദ്ധ സേവകരാക്കിയത് മന്‍മോഹന്റെ നിലപാടാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം അവരെ ഉപയോഗിക്കുകയും ബാക്കിയുള്ള സമയത്ത് അവരുടേതായ ജോലിക്കു പോകാനും കഴിയും. ഇതിനു പകം അവരെ തൊഴിലാളികളാക്കണമെന്ന അന്നുമുതലുള്ള വിവിധ യൂണിയനുകളുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പോലും പരഗണിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: