
കൊച്ചി: മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുനമ്പം മാവുങ്കല്‍ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ‘മരിച്ചയാളുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു’, പ്രദേശവാസി പറഞ്ഞു.
അതേസമയം, മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിഷനെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി, സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കമ്മിഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല , ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നും എജി അറിയിച്ചു.

ഭൂമിയുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്ക് എങ്ങനെ കോടതിയെ സമീപിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ എം ജാംദാര്‍ ആരാഞ്ഞു. ഇക്കാര്യം സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ അന്വേഷണത്തില്‍നിന്ന് സ്വയം വിട്ടുനില്‍ക്കുകയായിരുന്നെന്നും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പാണെന്നും വഖഫ് സംരക്ഷണസമിതി ബോധിപ്പിച്ചു. കമ്മിഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കോടതി തിങ്കളാഴ്ച ഉത്തരവിറക്കും.