മമ്മൂട്ടിയുടെ സന്ദേശം വായിച്ചു കണ്ണു നിറഞ്ഞു; ലാല്‍ അത്ര പേടിത്തൊണ്ടന്‍ ആണെന്നാണോ മേജര്‍ രവി കരുതുന്നത്? എന്റെ കുടുംബത്തിലും ഉണ്ട് അയാളെക്കാള്‍ വലിയ പട്ടാളക്കാര്‍; ആര്‍എസ്എസ് ആകാന്‍വേണ്ടി എന്റെ മക്കളെ ശാഖയില്‍ വിട്ടിട്ടില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍

തന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു സന്ദേശം അയച്ച മമ്മൂട്ടിയുടെ വാക്കുകള്‍ കണ്ടു കണ്ണുനിറഞ്ഞെന്നു നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മകനു സിനിമയില്‍ ശത്രുക്കളുണ്ട്. മകനെതിരേ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചു. അതുകൊണ്ടാണു മറുപടി പറഞ്ഞതെന്നും മല്ലിക പറഞ്ഞു.

‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയില്‍ ശത്രുക്കള്‍ ഉണ്ട്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചു എന്നും, മോഹന്‍ലാല്‍ കരയുകയാണ് എന്നുമൊക്കെ മേജര്‍ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതില്‍ നല്ല ദേഷ്യമുണ്ട്. അത് ഞാന്‍ തുറന്നു പറയുകയാണ്. ഇത് മോഹന്‍ലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതില്‍ എല്ലാവര്‍ക്കും. ഇവര്‍ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാന്‍’ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതും.
മോഹന്‍ലാല്‍ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാള്‍ക്ക് നല്‍കാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ കൊച്ചാക്കി പറയാും നാണമില്ലേ മേജര്‍ രവിക്ക്? മോഹന്‍ലാലിന്റെ വ്യക്തിത്വത്തെ വരെ ബാധിക്കില്ലേ അത്. ഞാന്‍ മേജര്‍ രവിയെ വിളിച്ചിരുന്നു. നിങ്ങള്‍ എന്തിനാ ഇങ്ങനെയൊക്കെ എഴുതിയത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ഏതോ പട്ടാള ഗ്രൂപ്പില്‍ വന്നപ്പോള്‍ പ്രതികരിച്ചു എന്നാണ് മേജര്‍ രവി പറയുന്നത്. എന്ത് ന്യായമുണ്ട്? എന്ത് അറിഞ്ഞിട്ടാ ഇതൊക്കെ പറയുന്നത്? ആര്‍ക്കെങ്കിലും വേണ്ടി ആണ് ഈ പറച്ചിലെങ്കില്‍ അതൊക്കെ എന്തിനാണ്. ആദ്യം സിനിമ കണ്ട ശേഷം ഇദ്ദേഹം അഭിനന്ദിച്ചു. പിന്നീടാണ് വിമര്‍ശനവുമായി വന്നത്.
രാജു ചില സീനുകള്‍ ഒളിപ്പിച്ചു ചെയ്തു എന്നൊക്കെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള നുണ മേജര്‍ രവി അടക്കം പറഞ്ഞു. അതൊക്കെ എന്റെ രാജുവിനും വിഷമമായി. എന്റെ കുടുംബത്തിലുമുണ്ട് അയാളേക്കാള്‍ വലിയ റാങ്കിലുള്ള പട്ടാളക്കാര്‍. അതൊക്കെ മേജര്‍ രവിക്കും അറിയാം. സാക്ഷാല്‍ സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവന്‍ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാന്‍. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ. മോഹന്‍ലാലും രാജുവുമായി നിരന്തരം എപ്പോഴത്തെയും പോലെ സംസാരം ഉണ്ട്. രാജുവിനുനേരെ ഇങ്ങനെയൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ലാലു വിഷമിച്ചിരിക്കുകയാകും. പിന്നെ കൂട്ടുകാര്‍ എന്ന് പറയുന്ന ചിലര്‍ മോഹന്‍ലാലിനെ വിളിച്ച് ഓരോന്നും പറഞ്ഞു കൊടുക്കുകയല്ലേ.
മോഹന്‍ലാലില്‍ നിന്നും എന്താണ് മേജര്‍ രവിക്ക് ലഭിക്കുക എന്ന് എനിക്കറിയില്ല. എന്തെങ്കിലും ലാഭേച്ഛ കാണും. അല്ലെങ്കില്‍ സിനിമ കണ്ട ശേഷം ചേച്ചി എനിക്ക് അമ്മയാണ്, ഇത് ചരിത്രമാകേണ്ടുന്ന സിനിമയാണ് എന്നെല്ലാം പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ആളുകള്‍ അടുത്ത ദിവസം മോഹന്‍ലാലിനെ പൃഥ്വിരാജ് പറ്റിച്ചു എന്ന് പറഞ്ഞ് പോസ്റ്റിടുന്നതൊക്കെ എത്ര മോശമാണ്. അതൊക്കെ ആര്‍ക്ക് വേണ്ടിയാണു ചെയ്യുന്നത് എങ്കിലും മോശമാണ്. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വയ്ക്കുന്നത്? ഇവരൊക്കെയാണോ രാജ്യം കാക്കുന്നവര്‍. എന്തിനാണ് ഇവരൊക്കെ ദൈവകോപം വാങ്ങി വയ്ക്കുന്നത്?
മുരളി ഗോപിക്കുള്ള വിഷമം, ഇവര്‍ എല്ലാവരെയും പറ്റിച്ചു എന്ന് പറയുന്നതില്‍ മാത്രമാണ്. ഞാന്‍ മോഹന്‍ലാലിനെയും ആന്റണിയെയും വിളിച്ചിരുന്നു. ഫോണില്‍ കിട്ടിയില്ല. അപ്പോഴാണ് മേജര്‍ രവിയെ വിളിച്ചത്.
എന്റെ ഫോണില്‍ വരുന്ന മെസ്സേജുകളും കോളുകളും നിറയുകയാണ്. മമ്മൂട്ടിയുടെ മെസേജ് വന്നിരുന്നു. അദ്ദേഹത്തിന് ഒരു അസുഖവുമില്ല. ഒരു മൂന്നു മാസത്തേക്ക് ചെറിയ ഒരു അസുഖമുണ്ടെന്നു മാത്രം. അദ്ദേഹം കുടുംബത്തോടൊപ്പം ചെന്നൈയില്‍ വിശ്രമിക്കുകയാണ്. ഇന്ന് പെരുന്നാളാണ്. ആ പെരുന്നാളിന്റെ തലേന്ന് പോലും മമ്മൂട്ടി എനിക്ക് മെസ്സേജ് അയച്ചു. ‘ഇതൊക്കെ വിട്ടുകളയൂ ചേച്ചി.’ എന്ന അര്‍ഥത്തില്‍ മമ്മൂട്ടി ചില ഇമോജികള്‍ ചേര്‍ത്ത് മെസേജ് അയച്ചു. എന്റെ പോസ്റ്റ് കണ്ടു എന്നും മമ്മൂട്ടി പറഞ്ഞു. ഈ സിനിമാലോകത്ത് ഇത്രയും ആളുകള്‍ ഉണ്ടായിട്ടും, അദ്ദേഹത്തിന് അത് തോന്നിയല്ലോ. ഈ ഒരു സമയത്ത് സുകുമാരന്‍ചേട്ടന്റെ കുടുംബത്തിന് വിഷമം ആകും എന്ന് മമ്മൂട്ടിക്ക് തോന്നിയല്ലോ. അതാണ് അദ്ദേഹത്തിന്റെ നന്മ. മമ്മൂട്ടിക്ക് സര്‍വ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഇപ്പോള്‍ പറയാനുള്ളത്.
ഈ സിനിമ റിലീസിന് ഒരുങ്ങുമ്പോള്‍ അത് തടയാന്‍ ഒരു സമരം കൊണ്ടുവരാന്‍ നോക്കിയില്ലേ ചിലര്‍? അതൊക്കെ എന്ത് ലക്ഷ്യം വച്ചിട്ടാണ്. ഈ സിനിമ ഇറങ്ങിയാല്‍ ഗംഭീരമായ പേര് രാജുവിന് വരുമെന്ന് കരുതിയിരുന്ന ആരൊക്കെയോ ആണ് ഈ പ്രശ്‌നം ഉണ്ടാക്കിയത്. ഞങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കൂടെ നിന്ന് ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ല. ഇപ്പോള്‍ ദേശീയ അവാര്‍ഡിന്റെ പട്ടികയില്‍ രാജുവിന്റെ പേരുണ്ടല്ലോ എന്നൊക്കെ ഒരാള്‍ പറഞ്ഞു. അതു കേട്ട് ഞങ്ങള്‍ അതിയായി സന്തോഷിക്കാന്‍ പറ്റുമോ. ഇതൊക്കെ അതിന്റെ വഴിയേ നടക്കും. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്കറിയാം.
വലിയ നേതാക്കള്‍ ഞങ്ങള്‍ക്ക് എതിരെ എന്തൊക്കെയോ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഞങ്ങള്‍ക്കൊരു പേടിയുമില്ല. പൃഥ്വി ഹിന്ദുക്കള്‍ക്കെതിരാണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. പൃഥ്വി എന്താ ഹിന്ദുവല്ലേ? പൃഥ്വിയെ ആര്‍എസ്എസ് എന്താണെന്നു പഠിപ്പിച്ചത് ഈ കാണുന്ന ഇപ്പോളത്തെ കുഞ്ഞുപിള്ളേരല്ല. ആര്‍എസ്എസ് എന്താണെന്നു എന്റെ മക്കളെ പഠിപ്പിച്ചത് കെ.ജി. മാരാര്‍ സാറും പി.പി. മുകുന്ദന്‍ സാറുമൊക്കെയാണ്. അവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ ആര്‍എസ്എസ് ആവാന്‍ വേണ്ടി പഠിപ്പിച്ചതുമല്ല.
ആര്‍എസ്എസ് ആകുക എന്നു പറഞ്ഞ് നള്ളത്തും പൂജപ്പുരയിലെ ശാഖയിലുമൊക്കെ ഞാന്‍ വിട്ടിട്ടില്ല. അവിടെ പോയാല്‍ വ്യായാമം ഒക്കെ ചെയ്യുന്നതും സൂര്യനമസ്‌കാരം ചെയ്യുന്നതുമൊക്കെ നല്ലതാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുഞ്ഞു പിള്ളേരാ. അന്ന് പോയിട്ടുമുണ്ട്. അന്നുതൊട്ട് ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കന്മാരെയൊക്കെ ഞങ്ങള്‍ക്ക് അറിയാം. അവരുടെ ഭാഷയ്ക്കും പെരുമാറ്റത്തിനും സഭ്യതയുണ്ട്. ആര്‍എസ്എസ് എന്താണെന്നു എന്നെയും എന്റെ മക്കളെയും ആരും പഠിപ്പിക്കണ്ട. പിണറായിയും നായനാരും കരുണകരനുമൊക്കെ ബഹുമാനം ലഭിക്കുന്നത് അവര്‍ ജനങ്ങള്‍ക്ക് നന്മ ചെയ്തു എന്നതുകൊണ്ടാണ്.”