CrimeNEWS

കാരണം അജ്ഞാതം: കണ്ണൂരിൽ 49കാരനെ വെടിവെച്ചു കൊന്നു, കൊലപ്പെടുത്തും മുമ്പ് ഭീഷണി സന്ദേശവും തോക്കേന്തിയ ചിത്രവും

      കണ്ണൂർ: കൈതപ്രത്ത് 49 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരിക്കൂർ കല്ല്യാട് സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. നിർമാണം നടക്കുന്ന വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. അതിനു മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു.

വെടിയൊച്ച കേട്ട് സമീപത്തു നിന്ന്  ആളുകൾ ഓടിയെത്തുമ്പോൾ രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Signature-ad

തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമാണത്രേ കൊലപാതകത്തിലേക്ക് നയിച്ചത്. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിൽ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു.

രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. രാത്രി ഏഴരയോടെയായിരുന്നു സന്തോഷ് രാധാകൃഷ്ണന്റെ വീട്ടിൽ എത്തുന്നത്.  സന്തോഷ് മദ്യപിച്ചിട്ടാണ്  എത്തിയതെന്നാണ്  വിവരം. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പിയും  കണ്ടെടുത്തിട്ടുണ്ട്.
ഇവിടെ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവത്രേ.

ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള സന്തോഷ് വെടിവയ്പ്പിൽ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇയാൾ.

കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സ്വദേശം ഇരിക്കൂർ കല്യാട്ട് ആണ്. കഴിഞ്ഞ കുറേ കാലമായി കൈതപ്രത്തായിരുന്നു ഇയാൾ താമസിച്ചു വരുന്നത്. ഇവിടെയാണ് പുതിയ വീട് നിർമ്മിക്കുന്നതും. പൊലീസ് വിശദമായ അന്വേഷണം  നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: