
വയലാറും പി ഭാസ്‌ക്കരനും ശ്രീകുമാരന്‍ തമ്പിയും തിളങ്ങി നില്‍ക്കുന്ന 1971 കാലത്താണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ മലയാള സിനിമയിലേയ്ക്കു എത്തുന്നത്. ‘വിമോചനസമരം’ എന്ന ആദ്യ ചിത്രത്തിൽ തന്നെ വയലാര്‍, പി ഭാസ്കരന്‍, പിഎന്‍ ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടായിരുന്നു മങ്കൊമ്പിൻ്റെ രംഗപ്രവേശം. എന്തായാലും ‘ലക്ഷാര്‍ച്ചനകണ്ട്’ എന്ന തടക്കമുള്ള മങ്കൊമ്പിന്റെ പല ഹിറ്റുകളും അറിയപ്പെട്ടത് വയലാറിന്റെയോ ഭാസ്‌ക്കരൻ്റെയോ പേരിലായിരുന്നു. 227 സിനിമകളിലായി 850 ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി. ആദ്യഹിറ്റ് ‘ലക്ഷാർച്ചന കണ്ട്’ പിറക്കുന്നത് ശങ്കർ ഗണേഷുമാരുടെ സംഗീതത്തിൽ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിൽ.
എംഎസ് വിശ്വനാഥനാണ് കൂടുതൽ മങ്കൊമ്പ് ഗാനങ്ങൾക്ക് ഈണമൊരുക്കിയത്. നാടൻപാട്ടിന്റെ മടിശീല കിലുക്കിയ ‘ബാബുമോൻ’ ആണ് അവരുടെ ആദ്യചിത്രം. മങ്കൊമ്പിന്റെ 80 ഗാനങ്ങൾക്ക് എംഎസ്‌വി ഈണമിട്ടു.

വാണിജയറാമിന്റെ എക്കാലത്തെയും ഹിറ്റ് ‘ആഷാഢമാസം’ മങ്കൊമ്പ് എഴുതിയതാണ്. ചിത്രം: യുദ്ധഭൂമി. സംഗീതം ആർകെ ശേഖർ. ശേഖറിന്റെ മകൻ എ ആർ റഹ്‌മാന്റെ മിക്കവാറും ഗാനങ്ങൾ (റോജ മുതൽ ഇന്ത്യൻ വരെയുള്ള ചിത്രങ്ങളിലേത്) മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയപ്പോൾ ഗാനരചയിതാവ് മങ്കൊമ്പ് ആയിരുന്നു.
രവീന്ദ്ര ജെയ്ൻ ആദ്യമായി മലയാളത്തിലെത്തിയപ്പോൾ മങ്കൊമ്പ് എഴുതിയ ഗാനങ്ങൾ മലയാള ഗാനശാഖയിലെ സർവകാല ഹരിത ഗാനങ്ങളാണ്: താലിപ്പൂ, കാളിദാസന്റെ കാവ്യഭാവന. ചിത്രം: സുജാത. ആശ ഭോസ്‌ലെ മലയാളത്തിൽ പാടിയ ഒരേയൊരു ഗാനം ഈ ചിത്രത്തിലാണ്: ‘സ്വയംവര ശുഭദിന മംഗളങ്ങൾ.’
യേശുദാസ് സംഗീതം കൊടുത്ത പൂച്ചസന്യാസി, ഇളയരാജയുടെ പനിനീർപ്പൂക്കൾ, എസ് പി ബാലസുബ്രമഹ്ണ്യത്തിന്റെ സംഗീതത്തിൽ മയൂരി, കീരവാണിയുടെ ഓസ്‌കാർ ചിത്രം രുധിരം, രണം, രൗദ്രം തുടങ്ങി മങ്കൊമ്പ് സൃഷ്ടിച്ച ഹിറ്റുകൾ ഏറെ.
ഈ വർഷമിറങ്ങിയ പവൻ കല്യാൺ ചിത്രം ‘ഹരിഹര വീരമല്ലൂ’ മലയാളത്തിലാക്കിയപ്പോഴാണ് ഗാനരചയിതാവ് മങ്കൊമ്പ് എന്ന് മലയാളി അവസാനമായി കണ്ടത്.
മനസ്സിൽ സിനിമാ സ്വപ്നവുമായി 1970-ൽ മദ്രാസിലെത്തി. ചെറുപ്പം മുതൽ കവിതയെഴുതുമായിരുന്നു. നാട്ടിൽ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയിൽ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. ‘വിമോചനസമര’ ത്തിനു ശേഷം
1974-ൽ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പർഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം ആ തൂലികയിൽ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽനിന്ന് അദ്ദേഹം സിനിമാഗാനങ്ങൾ മൊഴിമാറ്റിയിട്ടുണ്ട്. പത്തോളം ചിത്രങ്ങൾക്ക് അദ്ദേഹം കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.
മലയാളത്തിലേയ്ക്ക് ഏറ്റവും കൂടുതൽ ചിത്രങ്ങൾ മൊഴിമാറ്റിയതും മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങൾ അദ്ദേഹം മൊഴിമാറ്റം നടത്തി. യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിൻ്റേതാണ്.
മലയാള മനോരമയിലും മംഗളം വാരികയിലുമായി 5 നോവലുകൾ എഴുതി. പ്രിയ എന്ന തൂലികാനാമത്തിൽ മങ്കൊമ്പ് എഴുതിയ ‘വിളക്കു കെടുത്തുന്ന ശലഭങ്ങൾ’ ആ കാലത്ത് മംഗളം വാരികയുടെ പ്രചാര വർദ്ധനവിന് വളരെയേറെ ആക്കം കൂട്ടി. ഇത്രയൊക്കെയായിട്ടും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന പ്രതിഭയെ ആരും അറിഞ്ഞില്ല. ഇന്ന് 78-ാം വയസ്സില്‍ അദ്ദേഹം കടന്നുപോവുമ്പോള്‍, നിര്‍ഭാഗ്യവാനായ എഴുത്തുകാരൻ എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.
”മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളില്‍ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഏതൊരു നിര്‍മാതാവിനും സംവിധായകനും പുതിയ ഗാനരചയിയാവിനെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു ആ കാലത്തെ മുഖ്യ പ്രശ്‌നം. എന്നിട്ടും ഞാന്‍ എങ്ങനെയോ മലയാള സിനിമയൂടെ ഭാഗമായി. വയലാറിനെയും ശ്രീകുമാരനും തമ്പിയെയും പോലെ വ്യക്തി പ്രഭാവം സൃഷ്ടിച്ചെടുക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്നെ ആര്‍ക്കും അറിയില്ല എന്നുള്ളതാണ് വസ്തുത. അതില്‍ പരിഭവമോ പ്രതിഷേധമോ ഒന്നുമില്ല. അക്കാലത്തെ ഒരു ഫോട്ടോ പോലും ഞാന്‍ സൂക്ഷിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അത് തെറ്റായിപ്പോയി എന്ന ബോധ്യം ഇപ്പോഴുണ്ട്.”
ഒരഭിമുഖത്തില്‍ മങ്കൊമ്പ് പറയുന്നത് ഇങ്ങനെയാണ്.
സുനിൽ കെ ചെറിയാൻ