KeralaNEWS

കള്ളം, പച്ചക്കള്ളം…! ‘സിപിഎം വിഡ്ഢികളുടെ പാർട്ടി’ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എംഎൻ കാരശ്ശേരി

   സി.പിഎമ്മിനെ തല്ലാൻ കിട്ടുന്ന ഏതു ചുള്ളിക്കമ്പും ഉപയോഗിക്കുക എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ രീതി. സാംസ്കാരിക പ്രവർത്തകർ തുടങ്ങി അപ്രസക്തരായ വ്യക്തികൾ വരെ പുലമ്പുന്ന സിപിഎം വിരുദ്ധത മധ്യമങ്ങളിൽ വൻ വാർത്തയാണ്. ഇപ്പോഴിതാ അദ്ധ്യാപകനും എഴുത്തുകാരനുമായ എംഎൻ കാരശ്ശേരിയുടെ പേരിലാണ് ചില വാർത്തകൾ പ്രചരിക്കുന്നത്.

സിപിഎം എന്ന രാഷ്ട്രീയ പാർട്ടി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ കേരളത്തിൽ നമുക്കിത്രയേറെ വിഡ്ഢികളെ കിട്ടില്ലായിരുന്നു’ എന്ന് എംഎൻ കാരശ്ശേരി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സാമൂഹ്യവിമർശകനുമായ എംഎന്‍ കാരശ്ശേരി ഇങ്ങനെ പറഞ്ഞുവോ?  എംഎൻ കാരശ്ശേരി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും നിശിതമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള ആളാണ്. അദ്ദേഹത്തിന്റെ വിമർശനത്തിന് ഇരയാകാറുള്ളവരുടെ കൂട്ടത്തിൽ സിപിഎമ്മും ഉണ്ട്. എങ്കിലും ഒരു പാർട്ടിയിൽ മുഴുവൻ വിഡ്ഢികളാണെന്ന് കാരശ്ശേരി പറഞ്ഞോ എന്നതാണ് പ്രശ്നം.

Signature-ad

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാചകത്തിലെ കീവേഡുകൾ ഉപയോഗിച്ച് ചിലർ ഇന്റർനെറ്റിൽ സെർച്ച് നടത്തി. കാരശ്ശേരി ഇത്തരമൊരു പ്രസ്താവന നടത്തിയതായി എവിടെയും കാണാൻ കഴിഞ്ഞില്ല. സിപിഎമ്മിനെ നിശിതമായി വിമർശിക്കുന്ന ധാരാളം കമന്റുകൾ ലഭ്യമാണെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിലയിലുള്ള ഒരു പ്രസ്താവന അദ്ദേഹത്തിൽ നിന്ന് ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് അദ്ദേഹത്തോടു  തന്നെ നേരിട്ട്  ചോദിച്ചു.
വാട്സാപ്പിൽ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ:

“ഇത് ഞാൻ പറഞ്ഞതല്ല എന്നുപറഞ്ഞ് ഞാനൊരു ഫേസ്ബുക്ക് പോസ്റ്റ് വരെ ഇട്ടതാണ്. അതുപിന്നെ ആളുകൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ ഇങ്ങനെ ഉപയോഗിക്കും, അത്രേയുള്ളൂ. ഞാൻ പറയാത്ത എത്രയോ കാര്യം ഞാൻ പറഞ്ഞു എന്ന് പറയുന്നുണ്ട്. അവയിൽ അസത്യങ്ങളുണ്ട്, അർദ്ധസത്യങ്ങളുണ്ട് സത്യങ്ങളുണ്ട്. നമുക്കിതിലൊന്നും ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല ഇത്. ഇങ്ങനെ കോമൺസെൻസുള്ള ഒരാൾ പറയില്ല. വിഡ്ഢികൾ മാത്രമായി ഏതെങ്കിലുമൊരു പാർട്ടി ഉണ്ടാകുമോ? അങ്ങനെയില്ലല്ലോ. പിന്നെ അങ്ങനെയൊരു സിപിഎം വിരോധമുള്ള ആളല്ല ഞാൻ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുപോലും ഞാൻ അതിൽ  പലതിനെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിമർശിച്ചിട്ടുമുണ്ട്. പക്ഷെ രണ്ടാം പിണറായി സർക്കാർ വരുന്നത് കേരളത്തിനും ആ പാര്‍ട്ടിക്കും നന്നായിരിക്കില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇവരുടെയൊരു ശത്രുവായി മാറിയത്. രണ്ടാം പിണറായി സർക്കാരിനെ പറ്റി 90 ശതമാനവും എതിരഭിപ്രായമാണുള്ളത്. കമ്മ്യൂണിസ്റ്റ് വിരോധത്തിൽ അർത്ഥമില്ല. നായനാർ കമ്മ്യൂണിസ്റ്റല്ലേ? എകെജി കമ്മ്യൂണിസ്റ്റല്ലേ? വിഎസ് അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റല്ലേ? ഇന്നും ഞാൻ ബഹുമാനിക്കുന്ന എത്ര നേതാക്കളുണ്ട് ആ പാർട്ടിയിൽ. ഉദാഹരണത്തിന് പാലൊളി മുഹമ്മദ് കുട്ടി, ടികെ ഹംസ, കോഴിക്കോട്ട് പ്രദീപ് കുമാർ, അങ്ങനെ എത്ര നേതാക്കൾ. ജി സുധാകരൻ മറ്റൊരു നേതാവാണ്. ഒരഴിമതിയുമില്ലാത്ത മഹായോഗ്യനായ നേതാവാണ്. എനിക്ക് പരിചയമുള്ള ആളുകളാണ് ഇവരൊക്കെ. സോഷ്യൽ മീഡിയയുടെ ഒരു ഗുണം എന്താണെന്നു വെച്ചാൽ ഒളിഞ്ഞിരുന്ന ചെയ്യാൻ കഴിയും എന്നതാണ്. എക്സ് ആണെന്ന് പറഞ്ഞു കൊണ്ട് എ എന്നയാൾക്കും ബി എന്നയാൾക്കും അത് ചെയ്യാൻ പറ്റും. നമുക്ക് പിടിക്കാൻ കഴിയില്ല അത്.”
എംഎൻ കാരശ്ശേരിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നു സാരം.

Back to top button
error: