
മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ ഇനി യാത്രക്കൂലി നൽകേണ്ട. മാത്രമല്ല അമിതക്കൂലിയും മീറ്റർ പ്രവർത്തിപ്പിക്കാത്തതുമായ പ്രശ്നങ്ങൾക്കും ഒടുവിൽ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇനി മീറ്റർ ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ചാൽ യാത്രക്കാർ പണം നൽകേണ്ടി വരില്ല. ഇത് സംബന്ധിച്ചുള്ള സുപ്രധാന ഉത്തരവ് ഉടൻ തന്നെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കും.
എല്ലാ ഓട്ടോറിക്ഷകളിലും ‘മീറ്റർ ഇല്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന് ഉത്തരവിൽ ഉണ്ടാകുമത്രേ. ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത്. മീറ്റർ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത് വഴി യാത്രക്കാർക്ക് അവരുടെ അവകാശത്തെക്കുറിച്ച് ബോധ്യം നൽകാനും അമിത ചാർജ് ഈടാക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് അധികൃതർ എത്തിയത്.
യാത്രക്കാർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നു തീർച്ച. പക്ഷേ ഓട്ടോറിക്ഷാ തൊഴിലാളികൾ ഇതിനെ നഖശിഖാന്തം എതിർക്കാനാണു സാദ്ധ്യത.