KeralaNEWS

പരോളിനു വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി: ഉത്ര വധക്കേസ് പ്രതി സൂരജ് പുതിയ കുടുക്കിൽ 

        ഉത്ര വധക്കേസിലെ പ്രതി സൂരജിനെതിരെ വീണ്ടും പൊലീസ് കേസ്. ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സൂരജ്  അടിയന്തര പരോളിനു വേണ്ടി ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൂരജിൻ്റെ അമ്മയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യും.

കോടതി സൂരജിന്, 2021 ഒക്ടോബർ 13നാണ് പതിനേഴ് വർഷം തടവും അതിന് ശേഷം കഠിനതടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജുള്ളത്.

Signature-ad

മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് സൂരജിൻ്റെ നീക്കം പൊളിഞ്ഞത്.  മുൻപും ഇയാൾ പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളി. ഇതിനിടെയാണ് സൂരജ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി പരോളിന് ശ്രമിച്ചത്. അച്ഛന് ഗുരുതര രോഗമാണെന്നും അതിനാൽ പരോൾ നൽകണം എന്നും ആവശ്യപ്പെട്ടാണ് ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകിയത്.

തുടർന്ന് ജയിൽ വകുപ്പ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുമായി ബന്ധപ്പെട്ട്  കൂടുതൽ വിവരങ്ങൾ തേടി. സൂപ്രണ്ടിന് ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടർക്ക് അയച്ചുനൽകി. സർട്ടിഫിക്കറ്റ് നൽകിയത് താൻ തന്നെയാണെന്നും എന്നാൽ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടർ മറുപടി നൽകിയതോടെയാണ് സൂരജിൻ്റെ നീക്കം പൊളിഞ്ഞത്.

പരോൾ ആവശ്യപ്പെട്ട് നൽകിയത് വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പക്കൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം ഗുരുതര രോഗമുണ്ടെന്ന് വ്യാജമായി എഴുതി ചേർത്തെന്നാണ് കണ്ടെത്തൽ. സൂരജിൻ്റെ അമ്മയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഈ സാഹചര്യത്തിൽ സൂരജിനെയും അമ്മയേയും പൊലീസ് ചോദ്യം ചെയ്യും. പരോൾ ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തയാറാക്കിയവരെയും പൊലീസിന് കണ്ടെത്തും.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തയാറാക്കാൻ അജ്ഞാത കേന്ദ്രത്തിൽ നിന്നും സൂരജിനും അമ്മയ്ക്കും സഹായം ലഭിച്ചെന്നാണ് പ്രാഥമിക നിഗമനം. പരോൾ ലഭിക്കാൻ വ്യാജ രേഖകൾ നിർമിച്ച് നൽകുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: