തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ന്നത് ഡി സി ബുക്‌സില്‍ നിന്ന് തന്നെയെന്ന് ആവര്‍ത്തിച്ച് പൊലീസ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി, ഡിജിപിക്ക് സമര്‍പ്പിച്ചു. ആത്മകഥ ചോര്‍ന്നത് ഡി സിയുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയായ ശ്രീകുമാറില്‍ നിന്നാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, വിവാദം കനക്കുന്നിതിനിടെ ആത്മകഥയുടെ ആദ്യഭാഗം ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും പുസ്തകത്തിന്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ പി അറിയിച്ചത്. നിലവില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി വ്യക്തമാക്കി.
കട്ടന്‍ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ല. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയില്‍ പുറത്ത് വന്ന ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് നല്‍കിയ പരാതിയില്‍ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.