വയനാട്: കോൺഗ്രസിലെ പ്രമുഖ നേതാവും ഡിസിസി ട്രഷററുമായ എൻ എം വിജയന്റേയും മകന്റേയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക തിരിമറികളുമെന്ന് സൂചന.2016 മുതൽ നടന്ന ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന അഴിമതിയുമായി ആത്മഹത്യക്ക് ബന്ധമുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.
ജില്ലാ നേതൃത്വത്തിലെ പ്രമുഖർക്ക് വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി നിന്നത് വിജയനായിരുന്നു എന്ന് ഉദ്യോഗാർത്ഥികൾ തന്നെ വെളിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഉടമ്പടി രേഖകളുമുണ്ട്. പണം നൽകിയ നേതാക്കളുടെ പേരുകൾ പരാമർശിച്ച് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് വിജയൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
പണം വാങ്ങുകയും ജോലി ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഉദ്യോഗാർത്ഥികൾ പ്രശ്നങ്ങളുണ്ടാക്കി. ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷം അദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. നേതാക്കൾ കയ്യൊഴിഞ്ഞതോടെ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നു എൻ.എം വിജയന്. വിവിധ തസ്തികകളിലായി 2.5 കോടിയുടെ അഴിമതി ബാങ്കിൽ നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് വലിയ സമരങ്ങളും ബത്തേരിയിൽ നടന്നിരുന്നു.
ഇളയ മകനൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് എൻ എം വിജയനെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഇരുവരും വിഷം അകത്തുചെന്ന നിലയിലായിരുന്നു. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ ആരോഗ്യനില വഷളായി. ജീവൻ രക്ഷിക്കാൻ തീവ്ര ശ്രമം നടന്നെങ്കിലും ആന്തരികാവയങ്ങളുടെ പ്രവർത്തനം പഴയവിധത്തിലാക്കാൻ സാധിച്ചില്ല. വൈകീട്ട് മകൻ ജിജേഷ് മരിച്ചു. അധികം വൈകാതെ എൻ എം വിജയന്റേയും മരണം സ്ഥിരീകരിച്ചു.
ദീർഘകാലം ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു എൻ.എം വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. അവിവാഹിതനാണ് ഇയാൾ. പരേതയായ സുമയാണ് എൻ.എം വിജയന്റെ ഭാര്യ.