ദുബൈയിലെ അൽ മംസാർ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച മഫാസിന്റെ (15) ആകസ്മിക വിയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കാസർകോട് ചെങ്കള തൈവളപ്പിൽ താമസക്കാരനും ദുബൈയിൽ വസ്ത്ര വ്യാപാരിയുമായ എ.പി അശ്‌റഫ് – നസീമ ദമ്പതികളുടെ മകനായ മഫാസ് ദുബൈയിലെ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ബീച്ചിലെ വലിയ തിരമാലകളും ശക്തമായ ഒഴുക്കുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മാതാവ് നോക്കിനിൽക്കെയായിരുന്നു ദുരന്തം. സഹോദരി ഫാത്തിമയ്‌ക്കൊപ്പം ബീച്ചിനരികിലെ വെള്ളത്തിൽ കളിക്കുകയായിരുന്നു മഫാസ്. പൊടുന്നനെയാണ് അതിശക്തമായ തിരമാല തീരത്തേക്ക് ആഞ്ഞടിച്ചത്. തിരയിൽപ്പെട്ട് അനുജൻ ഒഴുകിപ്പോവുന്നത് കണ്ട സഹോദരി ഫാത്തിമ അവന്റെ കൈയിൽ മുറുകെ പിടിച്ചെങ്കിലും ശക്തമായ തിരയിൽ നിലത്ത് കാലുറയ്ക്കാതെ അവളും കടലിൽ അകപ്പെട്ടു.
കുട്ടികളുടെയും കരയിലുണ്ടായിരുന്ന മറ്റ് മാതാപിതാക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ ഒരു സ്വദേശി യുവാവാണ് ഫാത്തിമയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപ്പോഴേക്കും മഫാസ് കടലിന്റെ വിദൂരതയിലേക്ക് മറഞ്ഞുപോയിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ദുബായ് പോലീസിന്റെ നേതൃത്വത്തിൽ ഏറെ നേരം തെരച്ചിൽ നടത്തിയിട്ടും വിദ്യാർഥിയെ കണ്ടെത്താനായില്ല. ശനിയാഴ്ച മുങ്ങൽ വിദഗ്ധരും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് സന്ധ്യയോടെയാണ് മഫാസിന്റെ മൃതദേഹം ലഭിച്ചത്.
മകളെ രക്ഷപെടുത്തിയ അറബ് പൗരനോട് നന്ദി പറയാൻ തങ്ങൾക്ക് വാക്കുകളില്ലെന്ന് പിതാവ് അഷറഫ് പ്രതികരിച്ചു.
മഫാസിന്റെ മരണം ദുബൈ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂളിലെ സഹപാഠികൾക്കിടയിലും കണ്ണീർ പടർത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദുബൈയിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മൂത്ത മകളായ ഫാത്തിമ എംബിഎ വിദ്യാർഥിനിയാണ്. മുഈസ്, മെഹ്‌വിശ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മഫാസിന്റെ മൃതദേഹം ദുബായിൽ സംസ്‌കരിക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.