CrimeNEWS

കേസിലുള്ള കെട്ടിടം അടിച്ചു തകര്‍ത്തു; നോക്കാനെത്തിയ അഭിഭാഷകനെ എതിര്‍കക്ഷി കുത്തിപ്പരുക്കേല്‍പ്പിച്ചു

പത്തനംതിട്ട: കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതരപരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍ അലക്‌സ് തോമസിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റതിനെ തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ അലക്‌സിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കോടിയാട്ട് ബില്‍ഡിങ്‌സ് വാടകയ്ക്ക് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന മനോജ് എസ്. പിളളയാണ് അഭിഭാഷകനെ ആക്രമിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുകയാണ്. കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഉടമകളായ സഹോദരിമാര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ഉടമയ്ക്ക് അനുകൂലമായ വിധി ലഭിച്ചു.

Signature-ad

രണ്ടാമത്തെ ഉടമയായ കോടിയാട്ട് അനു തോമസിന് വേണ്ടി കോടതിയില്‍ ഹാജരായതിന് ശേഷമാണ് അഡ്വ. അലക്‌സ് കേസിലുള്ള കെട്ടിടത്തിലേക്ക് ചെന്നത്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ കെട്ടിടം മനോജ് അടിച്ചു പൊളിച്ചു. അഡ്വ. അലക്‌സ് ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വാദം കേള്‍ക്കുന്നത് കോടതി ഒമ്പതാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വീണ്ടും ഇയാള്‍ കെട്ടിടം തകര്‍ക്കുന്നുവെന്നും വന്ന് പരിശോധിക്കണമെന്നും പറഞ്ഞ് കെട്ടിടം ഉടമ അനു

തോമസ് അഡ്വ. അലക്‌സിനെ വിളിച്ചു വരുത്തിയത്.

ഇവര്‍ കെട്ടിടത്തിനകത്ത് പരിശോധിക്കുന്നതിനിടെ രണ്ടു കത്തിയുമായി മനോജ് പാഞ്ഞടുക്കുകയായിരുന്നു. അനൂപിനെ ആദ്യം ആക്രമിച്ചതിന് ശേഷമാണ് അഭിഭാഷകന് നേരെ കത്തി വിശീയത്. ഇത് തടയുമ്പോഴാണ് കൈക്ക് പരുക്കേറ്റത്. വിവരം അറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ വൈകിയതായി ആരോപണമുണ്ട്. സ്ത്രീയായ തന്നെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടി അനു തോമസ് നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതു വരെ ഒരു നടപടിയും ഉണ്ടായില്ല.

കെട്ടിടം അടിച്ചു പൊളിക്കുന്നതിന് എതിരേ കഴിഞ്ഞ മാസം 28 ന് അനു നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍. ഇടാനും പോലീസ് ഇതു വരെ തയാറായിട്ടില്ല. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് കുത്തേറ്റ് അഭിഭാഷകന്റെ മൊഴി എടുക്കാന്‍ പോലീസ് എത്തിയത്. കോട്ടയത്ത് ജോസഫ് ആന്‍ഡ് പൗലോസ് ലോയേഴ്‌സ് ഓഫീസിലെ അഭിഭാഷകനാണ് അലക്‌സ് തോമസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: