പ്രായം കൂടുംതോറും കണ്ണിന്റെ കാഴ്ച ശക്തി കുറയും. തൊട്ടടുത്തുള്ള കാര്യങ്ങൾ പോലും വായിക്കാൻ കണ്ണട വേണ്ടി വരും. വെള്ളെഴുത്ത് അഥവാ ‘പ്രെസ്ബയോപ്പിയ’ എന്ന ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി ഒരു ഔഷധം വിപണിയിലെത്തുന്നു. ഇന്ത്യയില്‍ ആദ്യമാണ് ഇത്തരമൊരു മരുന്ന് ലഭ്യമാകുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കല്‍ നിർമ്മിക്കുന്ന ‘പ്രെസ് വ്യു’ എന്ന കണ്ണിൽ ഒഴിക്കുന്ന ഈ തുള്ളിമരുന്ന് അടുത്തമാസം മുതല്‍ വിപണിയില്‍ ലഭ്യമാകും. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകി കഴിഞ്ഞു.
ഈ ഐ ഡ്രോപ്‌സ് ഉപയോഗിച്ചാൽ റീഡിംഗ് ഗ്ലാസ് ഇല്ലാതെ വായിക്കാൻ സാധിക്കും. അതായത്, 40 വയസ്സിന് മുകളിലുള്ളവർക്ക് അത്ഭുതകരമായ ഫലം തരും ഇത്. വെള്ളെഴുത്ത് 40കളുടെ മധ്യത്തിൽ ആരംഭിച്ച് ഏകദേശം 60 വയസിലെത്തുമ്പോൾ രൂക്ഷമാകുന്നു.
ഇന്ത്യയിൽ ആദ്യമായാണ് ‘പ്രസ്ബയോപിയ’ എന്ന വെള്ളെഴുത്ത് ബാധിച്ചവർക്ക് ഇത്ര ഗുണകരമായ ഒരു ഐ ഡ്രോപ്‌സ് ലഭ്യമാകുന്നത്. ഈ മരുന്ന് റീഡിങ് ഗ്ലാസിന്റെ ആവശ്യം ഇല്ലാതാക്കുന്നതിനൊപ്പം കണ്ണുകൾക്ക് നനവും കൂടുതൽ സുഖവും നൽകുന്നു. ഈ ഐ ഡ്രോപ്‌സിൽ ഡൈനാമിക് ബഫർ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഇത് കണ്ണിന്റെ പി എച്ച് മൂല്യത്തിന് അനുസരിച്ച് വേഗത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുന്നു. അതായത്, ദീർഘകാലം ഉപയോഗിച്ചാലും ഇവയുടെ ഫലപ്രാപ്തിയും സുരക്ഷയും നിലനിർത്താൻ സാധിക്കും.
”നേത്ര ചികിത്സയിൽ ഒരു പുതിയ അധ്യായം എഴുതുകയാണ് ‘പ്രെസ് വ്യൂ’. പ്രായമാകുന്നതോടെ ഉണ്ടാകുന്ന കാഴ്ചക്കുറവ് അഥവാ പ്രെസ്ബയോപിയ ബാധിച്ചവർക്ക് ഏറെ പ്രയോജനകരമാണ് ഈ ഐ ഡ്രോപ്പ്. വളരെ ലളിതമായ ഈ ചികിത്സയിലൂടെ, റീഡിങ് ഗ്ലാസ് ഇല്ലാതെ തന്നെ അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാൻ സാധിക്കും…” ഡോ. ധനഞ്ജയ് ബഖ്‌ലെ പറയുന്നു.
വെറും 15 മിനിറ്റിനുള്ളിൽ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ‘പ്രെസ് വ്യു’ സഹായിക്കുമെന്ന് ഡോ. ആദിത്യ സേഥിയും അഭിപ്രായപ്പെട്ടു. ഒക്ടോബർ ആദ്യം മുതൽ, 350 രൂപയ്ക്ക് ഈ മരുന്ന് ഫാർമസികളിൽ ലഭ്യമാകും. 40 മുതൽ 55 വയസ്സുവരെയുള്ളവരിൽ സാധാരണയായി കാണപ്പെടുന്ന കാഴ്ചക്കുറവ് പരിഹരിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
”വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി, മികച്ച ഈ ഉൽപ്പന്നം ഞങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ‘പ്രെസ് വ്യു’ വഴി, ആളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയും.” മുംബൈ ആസ്ഥാനമായ എന്‍റോഡ് ഫാർമസ്യൂട്ടിക്കല്‍സ് സി.ഇ.ഒ നിഖിൽ കെ മസുർക്കർ പറഞ്ഞു.
‘ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതല്‍ 6 മണിക്കൂറിനുള്ളില്‍ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാല്‍ കൂടുതല്‍ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാം.കൃഷ്ണമണികളുടെ വലുപ്പം ചുരുക്കാൻ സഹായിച്ച് ഈ പ്രശ്നം പരിഹരിക്കുകയാണ് പ്രെസ് വ്യൂ ചെയ്യുന്നത്.’ നിഖില്‍ കെ. മസുർക്കർ അറിയിച്ചു.
ഇന്ത്യയിൽ 274 പേരിൽ മരുന്ന് പരീക്ഷിച്ചു. മെച്ചപ്പെട്ട ഫലമാണത്രേ കിട്ടിയതത്. ഇവരിൽ 80 ശതമാനത്തിനും പാർശ്വഫലങ്ങളുണ്ടായില്ല. മറ്റുള്ളവർക്ക് ചെറിയ തോതിലുള്ള അസ്വാസ്ഥ്യങ്ങളും കണ്ണിനു ചുവപ്പും അനുഭവപ്പെട്ടു. ചിലർക്ക് കാഴ്ചയിൽ മങ്ങലും തലവേദനയുമുണ്ടായി. എന്നാൽ, ഇവയെല്ലാം താത്കാലികമായിരുന്നു. മരുന്നുമായി പരിചയിച്ചതോടെ ഈ പ്രശ്നങ്ങൾ അവസാനിച്ചു. ഒരാൾ പോലും പരീക്ഷണം പാതിവഴിയിൽ നിർത്തിയില്ലെന്നു കമ്പനി വിശദീകരിച്ചു.
ഏറെ പ്രത്യേകതയുള്ള ഈ പുതിയ ഉൽപ്പന്നത്തിന്റെ പേറ്റൻ്റിനായി അപേക്ഷിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.