IndiaNEWS

യു.പിയില്‍ യോഗിക്കെതിരേ പടയൊരുക്കം അതിശക്തം; മുഖ്യന്റെ യോഗത്തിന് വരാതെ ഘടകകക്ഷി മന്ത്രി ഉപമുഖ്യന്റെ യോഗത്തില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്ന് മന്ത്രിയും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭര്‍. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തിരുന്നത്. അതേസമയം, യോഗിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മറ്റൊരു യോഗത്തില്‍ മന്ത്രി രാജ്ഭര്‍ പ?ങ്കെടുക്കുകയും ചെയ്തു. യോഗി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

വാരാണസി, ജൗന്‍പുര്‍, ഭദോഹി, ചന്ദൗലി ജില്ലകളിലെ എം.എല്‍.എമാരുടെ യോഗം വാരാണസിയിലെ സര്‍ക്യൂട്ട് ഹൗസിലാണ് തിങ്കളാഴ്ച യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്തത്. സഹൂറാബാദിലെ എം.എല്‍.എ എന്ന നിലയില്‍ ഒ.പി. രാജ്ഭറും ഈ യോഗത്തില്‍ പ?ങ്കെടുക്കേണ്ടതായിരുന്നു.

Signature-ad

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയില്‍ ലഖ്‌നൗവില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പ?ങ്കെടുക്കേണ്ടതിനാലാണ് യോഗി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുന്നതെന്ന് എസ്.ബി.എസ്.പി പാര്‍ട്ടി വിശദീകരിക്കുന്നുണ്ട്. ലഖ്‌നൗവിലെ യോഗത്തില്‍ പ?ങ്കെടുക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നതാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ഒ.പി. രാജ്ഭറും കേവശ് പ്രസാദ് മൗര്യയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ഇരുനേതാക്കളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ‘ഇന്ന് ലഖ്‌നൗവില്‍ വെച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. നിരവധി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു’ -ചിത്രത്തോടൊപ്പം ഒ.പി. രാജ്ഭര്‍ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗി ആദിത്യനാഥിനെതിരെ വലിയൊരു വിഭാഗം തന്നെ പടയൊരുക്കം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ പോയി മൗര്യ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കണ്ടിരുന്നു. കൂടാതെ ഇദ്ദേഹം ഘടകകക്ഷികളിലെയും ബി.ജെ.പിയിലെയും എം.എല്‍.എമാരെയും നിരവധി തവണ കണ്ടിട്ടുണ്ട്.

മൗര്യയുടെ സാമൂഹിക മാധ്യമ പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ‘സര്‍ക്കാറിനെക്കാള്‍ വലുതാണ് സംഘടന. പ്രവര്‍ത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാള്‍ വലുതല്ല ഒരാളും. പ്രവര്‍ത്തകരാണ് അഭിമാനം’ -എന്നായിരുന്നു മൗര്യ എക്‌സില്‍ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൗര്യയും തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പോസ്റ്റ് വരുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയ യോഗിയും മൗര്യയും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതകളുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് പല നേതാക്കളും സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 33 സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ല്‍ 62 സീറ്റുകള്‍ നേടിയിരുന്നു. 2017ല്‍ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ടും കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാറിന് കടുത്ത വിമര്‍ശനങ്ങളാണുള്ളത്. 40,000 പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.

അയോധ്യയിലും അമേഠിയിലും പ്രത്യേക കൂടിക്കാഴ്ച നടത്തിയും 40,000 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രവര്‍ത്തകരില്‍ അസംതൃപ്തിയും വിയോജിപ്പും രൂക്ഷമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാറിന്റെ ഏകാധിപത്യ മനോഭാവം, പ്രവര്‍ത്തകരിലെ അതൃപ്തി, തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ച, അഗ്‌നിവീര്‍ പദ്ധതി എന്നിങ്ങനെ നിരവധി കാരണങ്ങള്‍ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Back to top button
error: