കാറും സ്കുട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന പിതൃസഹോദരിക്കു ഗുരുതരമായി പരുക്കേറ്റു. മലപ്പുറം മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്കാണു (55) ഗുരുതര പരുക്കേറ്റത്. മൂത്തേടം- കരുളായി റോഡിൽ കഷായപ്പടിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്.
സ്കൂട്ടർ കാറിനുള്ളിൽപ്പെട്ട നിലയിരുന്നു. ഫർഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആമിനയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
ഫർഹാന, ഭർത്താവ് വഴിക്കടവ് സ്വദേശി റാഫിക്കിനൊപ്പം ദുബായിലായിരുന്നു. 3 മാസം മുൻപാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞു റാഫിക് ഞായറാഴ്ചയാണു ദുബായിലേക്ക് മടക്കിയത്. മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് കബറടക്കും.അപകടവിവരം അറിഞ്ഞ് റാഫിക് പുലർച്ചെ നാട്ടിലെത്തിയിട്ടുണ്ട്.