CrimeNEWS

മാരുതിക്കാറിന്റെ സീറ്റില്‍ ചാരിക്കിടത്തിയിരിക്കുന്നത് കണ്ടു; കലയുടെ മൃതദേഹം കണ്ടിരുന്നെന്ന് അയല്‍വാസി

ആലപ്പുഴ: പതിനഞ്ചുവര്‍ഷം മുന്‍പ് മാന്നാര്‍ ഇരമത്തൂരില്‍നിന്നു കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മൃതദേഹം കണ്ടിരുന്നെന്ന് കലയുടെ ഭര്‍ത്താവ് അനിലിന്റെ അയല്‍വാസിയായ വിനോദ് ഭവനില്‍ സോമന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തെക്കുറിച്ച് സോമന്‍ പറയുന്നത്: അക്കാലത്ത് ഇരമത്തൂരിലെ ഐക്കര ജങ്ഷനില്‍ ചായക്കട നടത്തുകയായിരുന്നു താന്‍. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാല്‍വണ്ടിയുംകാത്ത് സംഭവദിവസം കടയില്‍ത്തന്നെ കിടക്കുകയായിരുന്നു. ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്‌കുമാര്‍ രാത്രി പന്ത്രണ്ടരയോടെ കടയിലെത്തി തന്നെ വിളിച്ചുണര്‍ത്തി ഒരു സഹായംചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. താനന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു.

Signature-ad

വിവരം എന്തെന്നുപറയാതെ ചിറ്റമ്പലം ജങ്ഷനിലേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ വെള്ള മാരുതിക്കാറിന്റെ പിന്‍സീറ്റില്‍ കലയെ ചാരിക്കിടത്തിയിരിക്കുന്നതു കണ്ടു. ആ സീറ്റില്‍ത്തന്നെ പ്രതികളിലൊരാളായ ജിനുവും ഡ്രൈവര്‍സീറ്റില്‍ മറ്റൊരു പ്രതിയായ പ്രമോദും മുന്നില്‍ ഇടതുസീറ്റില്‍ കലയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അനിലും ഉണ്ടായിരുന്നു.

മറ്റൊരാള്‍ കാറിനു പുറത്തു നിന്നിരുന്നു. വേണ്ടത്ര വെളിച്ചമില്ലാഞ്ഞതിനാല്‍ ആരാണെന്നു മനസ്സിലായില്ല. കാറിനുള്ളില്‍ പിക്കാസ്, മണ്‍വെട്ടി, കയര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് താന്‍ കൂട്ടുനില്‍ക്കില്ലെന്നുപറഞ്ഞ് അവിടെനിന്ന് ഉടന്‍ മടങ്ങി.

അവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരായിരുന്നതിനാല്‍ ഭയംകൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ല. അടുത്തദിവസം രാവിലെ അനിലിന്റെ വീട്ടില്‍ കാര്‍ കഴുകുന്നതു കണ്ടു. പിന്നീട് ആ കാര്‍ അവിടെ കണ്ടിട്ടുമില്ല. -സോമന്‍ പറഞ്ഞു.

കലയെ കൊന്നതാണെന്ന നിഗമനത്തില്‍ അന്വേഷണം തുടങ്ങിയപ്പോള്‍ ജില്ലാ പോലീസ് മേധാവി സോമനെ മാന്നാര്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അപ്പോള്‍ ഇക്കാര്യങ്ങളെല്ലാം സോമന്‍ പോലീസിനോടു പറഞ്ഞു. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തിയ ദിവസമാണ് സോമനെ വിളിപ്പിച്ചത്.

മൊഴിയെടുത്തശേഷം തന്നെ മാറ്റിനിര്‍ത്തിയെന്നും കേസിലെ മാപ്പുസാക്ഷിയായ സുരേഷിനോട് പോലീസ് ഇക്കാര്യങ്ങള്‍ ചോദിച്ചെന്നും സോമന്‍ പറഞ്ഞു. സുരേഷിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും സോമന്‍ പറഞ്ഞു.

കലയുടെ മൃതദേഹം കുട്ടമ്പേരൂര്‍ മുട്ടേല്‍പ്പാലത്തിനു താഴെ മറവുചെയ്തതായി അന്ന് സുരേഷ് തന്നോടു പറഞ്ഞിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ശാഖ മുന്‍ പ്രസിഡന്റ് മനുഭവനില്‍ വി. മുരളീധരന്‍ പറഞ്ഞു. നെഞ്ചിലെ ഭാരം കുറയ്ക്കാനാണ് താനിതു വെളിപ്പെടുത്തുന്നതെന്നും സുരേഷ് അന്നു പറഞ്ഞിരുന്നു. ഇക്കാര്യം ജില്ലാ പോലീസ് മേധാവിയോടു സൂചിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Back to top button
error: