വെളിച്ചം
അടുത്തുളള ഗ്രാമത്തിലാണ് അവന്‍ ചിത്രകല അഭ്യസിച്ചിരുന്നത്. ആ കാലത്താണ് നാട്ടിലെ ചിത്രകലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന് ആഗ്രഹം തോന്നിയത്. ഗുരുവിനോട് തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു അവനോട് ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ ചില സ്ഥലത്ത് ചില തിരുത്തലുകള്‍ വരുത്താന്‍ ഗുരു നിർദ്ദേശിച്ചു. ഒപ്പം ചില സ്ഥലങ്ങളില്‍ നിറവ്യത്യാസങ്ങള്‍ വരുത്താനും പറഞ്ഞു. അതെല്ലാം ക്ഷമയോടെ അവന്‍ ചെയ്യാൻ തുടങ്ങി. അല്‍പം കഴിഞ്ഞ് ഗുരു പറഞ്ഞു:
“ഞാന്‍ പുറത്ത് പോയി വരുമ്പോഴേക്കും പറഞ്ഞതിന്റെ മുക്കാല്‍ ഭാഗമെങ്കിലും പൂര്‍ത്തിയാക്കണം.”
പക്ഷേ പറഞ്ഞതിലും നേരത്തേ ഗുരു തിരിച്ചെത്തി. എന്നാൽ അപ്പോഴേക്കും അവന്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു.
ഗുരു പറഞ്ഞു:
“തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിന്നെ ഞാന്‍ കുറെ ബുദ്ധിമുട്ടിച്ചു…”
അപ്പോള്‍ അവന്‍ പറഞ്ഞു:
“അങ്ങ് പോകുന്നതുവരെ ഞാന്‍ അങ്ങയെ തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അങ്ങ് പോയിക്കഴിഞ്ഞ് എന്നെ തൃപ്തിപ്പെടുത്താനും.”
എല്ലാ പാഠങ്ങളും ഗുരുവില്‍ നിന്ന് പഠിക്കാന്‍ സാധ്യമല്ല. ചിലത് തനിയെ പരുവപ്പെടേണ്ട ചെയ്തറിവുകളാണ്. ആരുടെയങ്കിലുമൊക്കെ പാഠങ്ങള്‍ക്ക് അടിമകളാകുന്നവര്‍ക്ക് ഒരിക്കലും തന്റേതായ പാഠങ്ങള്‍ ഉണ്ടാക്കാനാകില്ല. നേടിയ അറിവ് പൂര്‍ണ്ണമാകണമെങ്കില്‍ ലഭിച്ച അറിവിന്റെ പരിമിതികളില്‍ നിന്നും പുറത്തുകടക്കണം.
തന്റെ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ചുള്ള അറിവുകളിലേക്ക് സ്വയം സഞ്ചരിക്കണം. പറക്കാന്‍ പഠിക്കാന്‍ ചിറകുകളുടെ ചലനം പഠിച്ചാല്‍ മതിയാകും. എന്നാല്‍ പറക്കണമെങ്കില്‍ സ്വന്തമായ ഒരാകാശം കൂടിയവിടെയുണ്ടാകണം. അവിടേക്ക് സ്വയം സഞ്ചരിക്കുകയും വേണം.
ശുഭദിനാശംസകൾ
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ