കണ്ണൂരിലും മൂന്നാറിലും ഇടുക്കി മുരിക്കാശ്ശേരിയിലുമായി വാഹനാപകടങ്ങളിൽ ഇന്ന് 3 മരണം. കണ്ണൂർ മാനന്തേരിയിൽ കാർ മരത്തിലിടിച്ച് അയ്യപ്പൻകാവ് സ്വദേശി ജമീല (53) മരിച്ചു. മകളുടെ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടുക്കി മുരിക്കാശേരി അമ്പഴത്തിങ്കൽ വീട്ടിൽ നിഖിൽ സെബാസ്റ്റ്യൻ (23) ആണ് മരിച്ചത്. ഇൻഫോപാർക്ക് ജീവനക്കാരനാണ്.
മൂന്നാറിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ ചെണ്ടുവര സോത്തുപാറ സ്വദേശി എച്ച്. മുനിയാണ്ടി(45) യാണ് മരിച്ചത്.
കണ്ണൂർ മാനന്തേരിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞാണ് ജമീല മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീദയുടെ ഭർത്താവ് അബ്ദുൽ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ മകൻ ജാസിറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടം സംഭവിച്ചത്.
നെല്ലിമറ്റം കുത്തുകുഴി സങ്കീർത്തന ഓഡിറ്റോറിയത്തിനു സമീപമുണ്ടായ അപകടത്തിലാണ് നിഖിൽ മരിച്ചത്. നെല്ലിമറ്റത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ മുരിക്കാശേരിയിലേയ്ക്കു പോകുകയായിരുന്ന നിഖിലിൻ്റെ ബൈക്കിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിഖിൽ തെറിച്ച് റോഡിൽ വീണു. മരിച്ച നിഖിൽ അവിവാഹിതനാണ്. മാതാവ് റോസി, പിതാവ് സെബാസ്റ്റ്യന്‍. മൂന്നാറിൽ നിന്നും സോത്തുപാറയ്ക്ക് പോകുന്നതിനിടയിൽ പെരിയവരയ്ക്ക് സമീപത്തുവച്ചുള്ള അപകടത്തിലാണ് മുനിയാണ്ടി മരിച്ചത്. 6 യാത്രക്കാർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.