നാളെ 15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ആരംഭിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാണക്കേടിൽ നിൽക്കുന്ന സർക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കാനാകും ഈ സമ്മേളനകാലത്ത് പ്രതിപക്ഷം ശ്രമിക്കുക. ബാർ കോഴയും, മാസപ്പടി കേസും മുതൽ ഏറ്റവുമൊടുവിലായി ക്രിസ്തീയ പുരോഹിതനെതിരെയുള്ള മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ പരാമർശം വരെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാവും ഭരണപക്ഷം ഇതിനെയെല്ലാം പ്രതിരോധിക്കുക.
സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കാനാണ് പ്രതിപക്ഷ ഒന്നടങ്കം ശ്രമിക്കുക.
ബജറ്റ് പാസാക്കാനാണ് സഭ ചേരുന്നത്. 28 ദിവസത്തേക്കാണ് സഭ ചേരുക. ആദ്യദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം അല്പസമയം സഭ നിർത്തി വയ്ക്കും. ബില്ലുകളുടെ അവതരണവും ആദ്യ ദിവസം തന്നെ തുടങ്ങും.
ജൂൺ 13 മുതൽ 15 വരെ ലോക കേരള സഭ നടക്കുമെന്നും നാലാം സമ്മേളനമാണ് ഇത്തവണത്തെത് എന്നും സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചിട്ടുണ്ട്. അന്നേ ദിവസങ്ങളിൽ നിയമസഭ ഉണ്ടാവില്ല. ജൂൺ 17 വരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 2 ജനപ്രതിനിധികൾക്ക് തുടരാൻ അവകാശമുണ്ടെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.
ജൂൺ 10ന് സഭ ചേരുമ്പോൾ പാർലമെൻഡറി കാര്യമന്ത്രിയായി കേരള നിയമസഭയിൽ കെ രാധാകൃഷ്ണൻ വരുന്ന സമ്മേളനത്തിലും തുടരും. .
തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അവതരിപ്പിക്കും.
സഭയ്ക്ക് പുറത്തും സർക്കാരിനെതിരെയുള്ള കടുത്ത പ്രതിഷേധത്തിനാണ് പ്രതിപക്ഷ യുവജന സംഘടനകളടക്കം പദ്ധതിയിട്ടിരിക്കുന്നത്. ബാര്‍കോഴ വിവാദത്തില്‍ 11ന് യൂത്ത് കോണ്‍ഗ്രസും 12ന് യുഡിഎഫും നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.