കേരളം രക്തസാക്ഷികളുടെ മണ്ണാണന്നും അവിടെ നിന്നും ഒരാളെ ഇക്കുറി ലോക്സഭയിലേക്ക് ലഭിച്ചത് പാർട്ടിക്കായി ജീവൻ ബലി നൽകിയവർക്കുള്ള സമർപ്പണമാണന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി.
“കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ 2 മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസ്സങ്ങൾക്ക് ഇടയിലും ഒടുവിൽ വിജയം നേടി”
മോദി പറഞ്ഞു.
മൂന്നാം മോദി സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത യോഗത്തിലാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം മോദി പരാമർശിച്ചത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെയാണ് നരേന്ദ്ര മോദി തൃശൂരിലെ വിജയം പരാമർശിച്ചത്. ഡൽഹിയിൽ ചേർന്ന എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. രാജ്നാഥ് സിങ് ആണ് മോദിയുടെ പേര് നിർദേശിച്ചത്.
“കോൺഗ്രസിന് 10 വർഷമായിട്ടും 100 സീറ്റ് തികയ്ക്കാനായിട്ടില്ല. വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കും. ഇതുവരെ കണ്ടത് ട്രെയ്‌ലർ മാത്രമാണ്.”
മോദി പ്രസംഗത്തിൽ പറഞ്ഞു:
”സമവായം ഉണ്ടാക്കി മുന്നോട്ട് പോകും. ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിക്കുകയും കപട വാഗ്ദാനങ്ങൾ നൽകുകയുമാണ്. ഇന്ത്യയെ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.”
രാജ്നാഥ് സിങിൻ്റെ നിർദേശത്തെ മുതിർന്ന നേതാക്കളായ അമിത് ഷായും നിതിൻ ഗഡ്കരിയും പിന്തുണച്ചു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ജെഡിയുവിൻ്റെ നിതീഷ് കുമാറും മോദിയെ നേതാവായി തെരഞ്ഞെടുക്കാനുള്ള തീരുമാനം അംഗീകരിച്ചു.
“ഇന്ന് ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ശരിയായ ഒരു നേതാവുണ്ട്, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യ അടുത്ത 5 വർഷത്തിനുള്ളിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.”
എൻഡിഎ യോഗത്തിൽ ചന്ദ്രബാബു നായിഡു പറഞ്ഞു.
ഇന്ത്യ സഖ്യത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് നിതീഷ് കുമാറും തൻ്റെ പ്രസംഗത്തിൽ നടത്തിയത്:
“ഞങ്ങളുടെ പാർട്ടി എല്ലായ്‌പ്പോഴും നരേന്ദ്ര മോദിക്കൊപ്പമുണ്ടാകും. പ്രതിപക്ഷ സംഘം രാജ്യത്തിന് വേണ്ടി ഒരു ജോലിയും ചെയ്തിട്ടില്ല. ബിഹാറിൻ്റെ മുന്നേറ്റത്തിനായി എല്ലാം ചെയ്യും. നാമെല്ലാവരും ഒത്തുചേരുന്നത് വളരെ നല്ല കാര്യമാണ്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നു ഉറപ്പ്.”