IndiaNEWS

9 പേരുടെ പ്രാണൻ കവർന്ന ട്രക്കിങ്: മരിച്ച മലയാളികൾ 2; ‘പാണ്ഡവർ സ്വർഗ്ഗത്തിലേക്ക് പോയ’ 4400 മീറ്റർ ഉയരത്തിലുള്ള സഹസ്ത്ര താലിലേയ്ക്കായിരുന്നു യാത്ര

   ഉത്തരാഖണ്ഡിലെ ഉത്തരകാശി ട്രക്കിങ്ങിനിടെ സംഭവിച്ച അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. പാലക്കാട് ചെർപ്പുളശേരി സ്വദേശിനി വി.കെ സിന്ധുവും തിരുവനന്തപുരം സ്വദേശിനി  ആശാ സുധാകറുമാണ് മരിച്ച മലയാളികൾ. എസ്. ബി.ഐ  സീനിയർ മാനേജരായി വിരമിച്ച ആശാ സുധാകർ (71) ബെംഗളൂരുവിലാണ്  താമസം. സോഫ്റ്റ് വെയർ എൻജിനിയറാണ് 45കാരിയായ സിന്ധു.

ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവതമേഖലയില്‍ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെ തുടർന്ന് മരണപ്പെട്ട 9 പേരില്‍ ബാക്കി 4 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

Signature-ad

കർണാടക മൗണ്ടനിയറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികളടക്കം 18 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും 3 ഗൈഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവരില്‍ ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ (71), ബംഗളൂരു സ്വദേശികളായ അനിത രംഗപ്പ (55), കെ. വെങ്കടേശ് പ്രസാദ് (53), വിനായക് മുംഗുർവാടി (52), സുജാത മുംഗുർവാടി (52), കെ.പി. പത്മനാഭ (50), ചിത്ര പ്രണീത് (48), സിന്ധു വെക്‍ലാം (44), പത്മിനി ഹെഗ്ഡെ (34) എന്നിവരാണ് മരിച്ചത്. മരിച്ച ആശയുടെ ഭർത്താവ് എസ്. സുധാകർ  മലയാളിയായ ഷീന ലക്ഷമി എന്നിവരടക്കം 13 പേരെ രക്ഷപ്പെടുത്താനായി.

മനേരിയിലെ ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി വഴിയാണ് സംഘം ട്രക്കിങ്ങിന് പുറപ്പെട്ടത്. 4,400 മീറ്റർ ഉയരത്തിലുള്ള സഹസ്ത്ര തടാക പരിസരത്തേക്കുള്ള ട്രക്കിങ് മെയ് 29നാണ് ആരംഭിച്ചത്. വെള്ളിയാഴ്ച മടങ്ങാനിരിക്കെ, മോശം കാലാവസ്ഥ കാരണം വഴിതെറ്റി അവസാന ബേസ് ക്യാമ്പായ സഹസ്രദളില്‍ എത്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അപ്രതീക്ഷിതമായി കനത്ത കാറ്റും മഞ്ഞുവീഴ്ചയും സംഘാംഗങ്ങളെ വഴിതെറ്റിക്കുകയായിരുന്നു. വൈകീട്ട് 4 മണിയോടെ മഞ്ഞുവീഴ്ച ശക്തമായി. 6 മണിയോടെ ആദ്യത്തെ രണ്ടുപേർ മരിച്ചതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഡെറാഡൂണിലെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ചിലർ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജൂണ്‍ നാലിന് മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രിതന്നെ കർണാടക, ഉത്തരാഖണ്ഡ് സർക്കാറുകള്‍ രക്ഷാപ്രവർത്തനത്തിന് പദ്ധതിയിട്ടു. ബുധനാഴ്ച രാവിലെ ഇന്ത്യൻ സൈനികരും വ്യോമസേനയും സംസ്ഥാന ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനിറങ്ങി. ദുർഘടമായ കാലാവസ്ഥയില്‍ വ്യോമസേനയുടെ എം.ഐ 17 വി ഫൈവ് ഹെലികോപ്ടറുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.

സഹസ്ത്ര തടാകപരിസരത്തെ ബേസ് ക്യാമ്പിൽ തങ്ങിയ സംഘം തിങ്കളാഴ്ച തിരികെ മടങ്ങിയെത്തുന്നതിനിടെ മഞ്ഞ് വീഴ്ചയും കൊടുങ്കാറ്റും ഉണ്ടായതോടെയാണ് അപകടമുണ്ടായത്. 30 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർ സംഘത്തിലുണ്ടായിരുന്നു. മുൻപ് ട്രക്കിങ് നടത്തി പരിചയമുള്ളവരായിരുന്നു സംഘത്തിലെ പലരും. ഉത്തരകാശി, ഗൻസാലി തെഹ്‌രി ഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക സംഘങ്ങളെയും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരുന്നു.

ഏകദേശം 4,400 മീറ്റർ ഉയരത്തിലാണ് സഹസ്ത്ര താൽ സ്ഥിതി ചെയ്യുന്നത്. ഉത്തരകാശി, തെഹ്‌രി ജില്ലകളുടെ അതിർത്തി പ്രദേശമാണിത്. ഒരു കൊടുമുടിയിലെ ഏഴ് തടാകങ്ങളുടെ കൂട്ടമാണ് സഹസ്ത്ര താൽ. പാണ്ഡവർ സ്വർഗ്ഗത്തിലേക്ക് പോയതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത്.

Back to top button
error: