വെളിച്ചം
രാജാവിന് കുതിരകളെ വലിയ ഇഷ്ടമായിരുന്നു. മികച്ച കുതിരകളുടെ ഒരു സംഘം തന്നെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ഒരിക്കല്‍ പുറം നാട്ടിൽ നിന്നും ഒരാള്‍ ഒരു കുതിരയെയും കൊണ്ട് വന്നു. ഇതുപോലെ മികച്ച 50 കുതിരകള്‍ തന്റെ കയ്യിലുണ്ടെന്ന് അയാള്‍ പറഞ്ഞു. രാജാവിന് കുതിരയെ വളരെ ഇഷ്ടപ്പെട്ടു. മറ്റു കുതിരകളെ കൂടി തരാമെന്ന വാഗ്ദാനത്തില്‍ രാജാവ് അയാള്‍ക്ക് അയ്യായിരം സ്വര്‍ണ്ണനാണയങ്ങൾ നല്‍കി.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. ഒരുദിവസം രാജാവ് നടക്കാനിറങ്ങിയപ്പോള്‍ വിദൂഷകന്‍ രാജ്യത്തെ ഏറ്റവും വലിയ വിഢ്ഢികളുടെ പേര് എഴുതുന്നത് കണ്ടു. അതില്‍ ആദ്യം തന്റെ പേര് കണ്ട് രാജാവ് അത്ഭുതത്തോടെ കാര്യമന്വേഷിച്ചു. വിദൂഷകന്‍ പറഞ്ഞു:
“ഒരു അപരിചിതന് അയ്യായിരം സ്വര്‍ണ്ണനാണയം കൊടുത്ത് അയാള്‍ വരുന്നതും കാത്തിരിക്കുന്നയാളെ വിഢ്ഢിയന്നല്ലാതെ എന്ത് വിളിക്കാന്‍.”
അപ്പോള്‍ രാജാവ് ചോദിച്ചു: “അയാള്‍ വന്നാലോ…?”
“അങ്ങനെയെങ്കില്‍ ഞാന്‍ അങ്ങയുടെ പേര് വെട്ടി അയാളുടെ പേരെഴുതും…” വിദൂഷകന്‍ പറഞ്ഞു.
അന്ധമായ വിശ്വാസം അപകടമാണ്. പക്ഷേ,വിശ്വാസമില്ലാതെ ഈ ലോകത്ത് ജീവിക്കുക എളുപ്പമല്ല. വിശ്വസിക്കാനും ആശ്വസിക്കാനും എപ്പോഴും ഓരോ കാരണങ്ങൾ വേണം.
എല്ലാ ബന്ധങ്ങളിലും ചില സമവാക്യങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്. തനിക്കിത് അനുയോജ്യമാണോ, പരസ്പര വളര്‍ച്ചക്കിത് ഉതകുമോ, അതോ ഇത് മുളയിലേ നുളളണോ, പ്രതികൂല സാഹചര്യത്തിലും ഈ ബന്ധം എങ്ങിനെയാണ് തന്നെ സഹായിക്കുന്നത്…? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ക്രിയാത്മകമാകുന്നുണ്ടെങ്കില്‍ മാത്രമേ ബന്ധങ്ങള്‍ തുടങ്ങേണ്ടതുള്ളൂ.. അല്ലെങ്കില്‍ തുടരേണ്ടതുള്ളൂ.
അതെ, ബന്ധം ബന്ധനമാകരുത്.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനായണൻ
ചിത്രം: നിപു കുമാർ