NEWSWorld

26 വര്‍ഷം മുന്‍പ് കാണാതായ ’19കാരന്‍’ അയല്‍വീട്ടിലെ ഭൂഗര്‍ഭ അറയില്‍ ജീവനോടെ!

അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ഉത്തര അള്‍ജീരിയന്‍ നഗരമായ ജെല്‍ഫയില്‍ രാവിലെ സ്‌കൂളിലേക്കു പോയ 19 കാരന്‍ ഒമര്‍ ബിന്‍ ഒമ്രാന്‍ വൈകീട്ട് ഏറെ വൈകിയിട്ടും വീട്ടിലേക്കു തിരിച്ചുവന്നില്ല. പരിഭ്രാന്തരായ വീട്ടുകാര്‍ സ്‌കൂളിലും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചില്ല. പൊലീസിനെ അറിയിച്ചും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മകനു വേണ്ടിയുള്ള കാത്തിരിപ്പ് മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടു. നിരാശ തന്നെ ഫലം. മകന്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെടുകയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് മനസിനെ വിശ്വസിപ്പിച്ചു കഴിഞ്ഞു അമ്മയും അച്ഛനും കുടുംബവുമെല്ലാം. എന്നാല്‍, ഇപ്പോള്‍ കൃത്യം 26 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍നിന്ന് അവനെ കണ്ടെത്തുന്നു!

ഒരു സിനിമാക്കഥ കേട്ട പോലെ, വായിച്ച പോലെ തോന്നുന്നുണ്ടല്ലേ..!? എന്നാല്‍, അങ്ങനെ എഴുതിത്തള്ളേണ്ട. ഇതൊരു ഞെട്ടിപ്പിക്കുന്ന ജീവിതകഥയാണ്. 1990കളിലെ ആഭ്യന്തര യുദ്ധക്കാലത്ത് കാണാതായ ഒമര്‍ ബിന്‍ ഒമ്രാന്‍ എന്ന അന്നത്തെ 19കാരനെ തറവാട്ടുവീട്ടിന്റെ തൊട്ടയല്‍പ്പക്കത്തെ വീട്ടില്‍ ഒരു ഭൂഗര്‍ഭ അറയില്‍ വൈക്കോല്‍കൂനയ്ക്കകത്തുനിന്നു കണ്ടെത്തിയ വാര്‍ത്തയാണിപ്പോള്‍ അള്‍ജീരിയയിലെ ചര്‍ച്ച. അള്‍ജീരിയന്‍ നിയമമന്ത്രാലയം തന്നെയാണ് ഒമറിന്റെ അത്ഭുതകരമായ ‘അതിജീവനക്കഥ’ പുറത്തുവിട്ടിരിക്കുന്നത്. ഒരു ചതിയുടെ കഥ കൂടിയാണ് ഇതിലൂടെ ചുരുളഴിയുന്നത്.

Signature-ad

കുട്ടിക്കാലത്ത് കഴിഞ്ഞിരുന്ന വീടിന്റെ 200 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലായിരുന്നു ഇത്രയും കാലം പുറംലോകമറിയാതെ രണ്ടര പതിറ്റാണ്ടുകാലം ഒമര്‍ കഴിഞ്ഞത്. ഇപ്പോള്‍ 61 വയസുള്ള, തൊട്ടടുത്തുള്ള എല്‍ഗുവേദിദിലെ നഗരസഭാ കാര്യാലയത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഇത്രയും കാലം അവനെ വീട്ടില്‍ പുറംലോകത്തിന് ഒരു സൂചനയും നല്‍കാതെ ഒളിപ്പിച്ചിരുന്നത്. മേയ് 12നാണ് ഇയാളുടെ വീട്ടിലെ വൈക്കോല്‍കൂനയ്ക്കിടയില്‍നിന്ന് പൊലീസ് ഒമറിനെ കണ്ടെടുക്കുന്നത്.

പ്രതിയും സഹോദരനും തമ്മിലുള്ള കുടുംബവഴക്കാണിപ്പോള്‍ 26 വര്‍ഷം പഴക്കമുള്ളൊരു ചതിയുടെ കഥയാണിപ്പോള്‍ ‘ജീവനോടെ’ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇരുവരും തമ്മില്‍ ഏറെനാളായി സ്വത്തുതര്‍ക്കമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ഒരുനിലയ്ക്കും വഴങ്ങാതായതോടെയാണ് സഹോദരന്‍ അവസാനത്തെ ‘അടവ് പുറത്തെടുക്കുകയായിരുന്നു’. ദിവസങ്ങള്‍ക്കുമുന്‍പ് സോഷ്യല്‍ മീഡിയയില്‍ ലൈവിട്ടാണു സംഭവകഥകള്‍ ഓരോന്നായി സഹോദരന്‍ പുറത്തുവിട്ടത്. ഈ കഥകളില്‍ ആദ്യമൊക്കെ എല്ലാവര്‍ക്കും സംശയം തോന്നിയെങ്കിലും പൊലീസും അധികൃതരുമെല്ലാം ചേര്‍ന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

വൈക്കോല്‍കൂനയില്‍നിന്നു പുറത്തുവരുമ്പോള്‍ ആ കൗമാരക്കാരന്റെ കോലം ആകെ മാറിയിട്ടുണ്ട്. 19കാരന്റെ ആ നിഷ്‌കളങ്ക ഭാവമില്ല ഇപ്പോള്‍. മീശയും താടിയും തിങ്ങിനിറഞ്ഞ് ദൈന്യത മുറ്റിയ, കൊടുംപീഡകളുടെയും നിസ്സഹായതയുടെയും മുറിവുകള്‍ ബാക്കിനില്‍ക്കുന്ന മുഖവുമായാണു പുറംലോകത്തിന്റെ വെളിച്ചത്തിലേക്ക് ഒമര്‍ കണ്ണുതുറക്കുന്നത്. ഇതിനിടയില്‍ ആ ക്രൂരനായ അയല്‍ക്കാരന്‍ ദുര്‍മന്ത്രവാദത്തിലൂടെ സംസാരശേഷി ഇല്ലാതാക്കിയെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ ഉറക്കെക്കരയാനോ ഒന്നു ശബ്ദമുയര്‍ത്തി സഹായാഭ്യര്‍ഥന നടത്താനോ ആയില്ല ഒമറിനെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടയില്‍ പൊന്നുമകനു വേണ്ടിയുള്ള കണ്ണുകഴച്ചുള്ള കാത്തിരിപ്പ് ബാക്കിയാക്കി ഉമ്മ 2013ല്‍ മരണത്തിനു കീഴടങ്ങിയിരുന്നു. അയല്‍ക്കാരന്റെ ‘തടങ്കലില്‍’ കഴിയുമ്പോഴും വല്ലപ്പോഴുമൊക്കെ വീട്ടുകാരെ അകലെനിന്നു കണ്ടിട്ടിട്ടുണ്ടെന്നു യുവാവ് വെളിപ്പെടുത്തിയതായി അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഉറക്കെ ശബ്ദമുയര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതിനാല്‍ ഒന്ന് ഉറക്കെ വിളിക്കാനായില്ലെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

ഒമറിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആവശ്യമായ ആരോഗ്യ പരിചരണങ്ങളുമായി ഡോക്ടര്‍മാര്‍ സജീവമാണ്. മാനസിക വിദഗ്ധരും ഇദ്ദേഹത്തെ പരിശോധിച്ചു വേണ്ട പരിചരണങ്ങള്‍ നല്‍കുന്നുണ്ട്.

ഇതിനിടയില്‍, ഒമറിനെ കണ്ടെത്തിയ വിവരം അറിഞ്ഞു പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ പിടിയിലായി. മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അള്‍ജീരിയന്‍ ഭരണകൂടം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു കൃത്യത്തിലേക്ക് ഇയാളെ നയിച്ചതെന്താണെന്നൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ചുള്ള വിവരങ്ങളും ഇത്രയും കാലത്തെ ഒമറിന്റെ അജ്ഞാതജീവിതവുമെല്ലാം വരും ദിവസങ്ങളില്‍ ചുരുളഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

അള്‍ജീരിയന്‍ ചരിത്രത്തിലെ ‘ഇരുണ്ട ദശകമായാണ്’ 1990കള്‍ അറിയപ്പെടുന്നത്. രാജ്യത്ത് ചോരച്ചാലൊഴുകിയ ആ ആഭ്യന്തര യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 20,000ത്തോളം പേരെ ഭീകരസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. 1992നും 1998നും ഇടയില്‍ മാത്രം 8,000ത്തോളം അള്‍ജീരിയക്കാരെ കാണാതായിട്ടുണ്ടെന്നാണു വിവരം.

 

Back to top button
error: