ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം.എല്‍.കെ. അഡ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചെന്നാണ് മോദി പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെയും മോദി ഒതുക്കും. രണ്ടുമാസത്തിനുള്ളില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി മാറുമെന്നും കേജ്രിവാള്‍ പറഞ്ഞു.
പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമന്ത് സോരനെ ജയിലില്‍ അടച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. മമത സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. ഇപ്പോള്‍ ഇതാ ബിജെപി കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുമെന്നും ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ ഇന്നല്ലെങ്കിൽ നാളെ രക്ഷിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാല്‍ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലില്‍ അയച്ചു. ഇത്തരം പാർട്ടികളുടെ നാല് നേതാക്കള്‍ ജയിലില്‍ പോയാല്‍ പാർട്ടി ഇല്ലാതാകും. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. എന്നാല്‍ ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രി ഭയക്കുന്നതും ഇതാണ്’ – കേജ്രിവാള്‍ പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുന്നുവെന്നു പ്രധാനമന്ത്രി പറയുന്നു. എന്നിട്ട് അഴിമതിക്കാരെ മുഴുവൻ സ്വന്തം പാർട്ടിയില്‍ എടുക്കുന്നു.അതോടെ അവരുടെ മേലുള്ള കേസുകളും ഇല്ലാതാകുന്നു.ഞാനിപ്പോൾ ബിജെപിയിൽ ചേർന്നാൽ ആ നിമിഷം ഞാൻ ജയിൽമോചിതനാകും.എന്നാൽ രാജ്യത്ത് ആണുങ്ങൾ ഉണ്ടെന്ന് നരേന്ദ്ര മോദി മനസ്സിലാക്കാൻ പോകുന്നതേയുള്ളൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.