തൃശൂർ: ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പിക്ക് സി പി എം വോട്ട് മറിച്ചെന്ന ആരോപണവുമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ.പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായെന്നും ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും മുരളീധരൻ പറഞ്ഞു.
ബി ജെ പി-സി പി എം ഡീല്‍ നടന്നിട്ടുണ്ട്. ഗുരുവായൂർ,നാട്ടിക മണ്ഡലം കേന്ദ്രീകരിച്ചാണ് ഡീല്‍ നടന്നിട്ടുള്ളത്. തിരഞ്ഞടുപ്പിന്റെ ബൂത്ത് തല അവലോകനം നടത്തിയിരുന്നു. ഈ രണ്ട് മണ്ഡലത്തിലാണ് ഇത് പ്രകടമായി കാണാനായത്. മറ്റ് മണ്ഡലങ്ങളില്‍ സി പി എം നേതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമെ സാധാരണ തർക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് സമാപിച്ചത്.
ഡീല്‍ നടന്നുവെന്നത് ഇ പി-ജാവേദ്കർ കൂടിക്കാഴ്ചയില്‍ നിന്ന് തന്നെ വ്യക്തമാണ്.ഇതിന്റെ മെച്ചം ബി ജെ പിക്കുണ്ടാകും. പക്ഷേ അവർ രണ്ടാം സ്ഥാനത്ത് എത്തുമോയെന്ന് പറയാനാകില്ല- മുരളീധരൻ പറഞ്ഞു.