KeralaNEWS

ഐഎസ്‌എലില്‍ നിർണായക മൽസരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; മത്സരം വൈകിട്ട് 7:30ന്

ഭുവനേശ്വർ: ഐഎസ്‌എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം. ഒഡീഷ എഫ്സിക്കെതിരെ  കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവർ സെമിയില്‍ മോഹൻ ബഗാനെ നേരിടും.

പോയിൻ്റ് പട്ടികയില്‍ ഒഡീഷ എഫ്സി നാലാമതും ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകർപ്പൻ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകർന്നിരുന്നു. ഐഎസ്‌എല്‍ ഷീല്‍ഡ് നേടിയ മോഹൻ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ.

തുടരെ താരങ്ങള്‍ക്കേറ്റ പരുക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്. എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാർ പ്ലയർ അഡ്രിയാൻ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകർക്ക് ആവേശമാണ്. പ്രബീർ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല.

Signature-ad

ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടിരുന്നു.നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ് മത്സരങ്ങള്‍. ജയിക്കുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.ലീഗ് തല മത്സരങ്ങളില്‍ മുന്നിലെത്തിയ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇതിനകം സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

Back to top button
error: