മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് ഒരാള്‍ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂള്‍ വിദ്യാർത്ഥിയുള്‍പ്പെടെ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ സമദ് അല്‍ഷാൻ വാദിയില്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് കുട്ടികളുൾപ്പടെ 12 പേർ നേരത്തെ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മലയാളിയും മഴക്കെടുതിയില്‍ കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍ കുമാറാണ് (55) സൗത്ത് ഷർക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നോർത്ത് അല്‍ ശർഖിയ, സൗത്ത് അല്‍ ശർഖിയ, അല്‍ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ എന്നീ ഗവർണറേറ്റുകളില്‍ പൂർണമായും നോർത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, മുസന്ദം, അല്‍ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.