KeralaNEWS

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴയാരോപണത്തില്‍ കുടുങ്ങി ബി.ജെ.പി; നേതാക്കൻമാരുടെ വാദങ്ങൾ പൊളിച്ച് ദൃശ്യങ്ങൾ പുറത്ത് 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴയാരോപണത്തില്‍ കുടുങ്ങി ബി.ജെ.പി.
ഇഷ്ടമില്ലാത്തവരെയെല്ലാം സാമ്ബത്തികക്കുറ്റം ആരോപിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും തകർക്കാനോ വരുതിയിലാക്കാനോ ബി.ജെ.പി.ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായുള്ളപ്പോഴാണ് പത്തനംതിട്ടയില്‍ പാർട്ടിയുടെ പ്രസ്റ്റീജ് സ്ഥാനാർഥി അനില്‍ ആന്റണിയുടെ പേരില്‍ സാമ്ബത്തിക ആരോപണം ഉയർന്നിരിക്കുന്നത്.

2021-ലെ കൊടകര കുഴല്‍പ്പണക്കേസ് ഇപ്പോഴും പാർട്ടിക്ക് അലട്ടലുണ്ടാക്കുന്നുണ്ട്.അന്നത് ആർഎസ്എസ്സുകാരുടെ തലയിൽ വച്ചാണ് ബിജെപി നേതൃത്വം തടിയൂരിയത്.ഇതിനിടയിലാണ് കേന്ദ്രനേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർഥി അനില്‍ ആന്റണിക്കെതിരേ 25 ലക്ഷത്തിന്റെ കോഴയാരോപണം.

Signature-ad

ആരോപണത്തിന് ബലംകൂട്ടി കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും രംഗത്തെത്തിയതോടെ ബി.ജെ.പി. വെട്ടിലായി.ഇതൊക്കെ തങ്ങളുടെ ഭരണകാലത്ത് നടന്നതല്ല എന്നത് ആശ്വാസമാണെങ്കിലും തിരഞ്ഞെടുപ്പുകാലത്തുയർന്ന ആരോപണത്തിന് മറുപടി നല്‍കാതിരിക്കാൻ ബി.ജെ.പി.ക്കാവില്ല.കാരണം അയാളിന്ന് ബിജെപി സ്ഥാനാർത്ഥിയാണ്.

പണംവാങ്ങിയെന്നു തെളിയിക്കാൻ നന്ദകുമാറിനെ അനില്‍ ആന്റണി വെല്ലുവിളിച്ചെങ്കിലും പാർട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ല. ആരോപണത്തിന് അടിസ്ഥാനമായ സംഭവം പണ്ടത്തേതാണെന്നും കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നുമാണ് പാർട്ടിയുടെ വാദം.

അടുത്തിടെയാണ് ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അർഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടത്.വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍.ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികള്‍ നിർത്തിവെക്കുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച്‌ പല റിപ്പോർട്ടുകളും പുറത്തും വന്നിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേർന്നതിന് ശേഷം 23-പേർക്കെതിരേയുള്ള നടപടികള്‍ നിർത്തിവെച്ചതായും തെളിവ് സഹിതം വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച്‌ കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്.ഇപ്പോഴിതാ മറ്റൊരു സംഭവവും…!

ഇതിൽ നിന്നും ശ്രദ്ധതിരിക്കാൻ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കുമെന്നൊക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു നോക്കിയെങ്കിലും അത് വേണ്ടത്ര ഏശിയില്ല.സുരേന്ദ്രൻ എയറിൽ പോയതുമാത്രം മിച്ചം.ഇത്തവണ കേരളത്തിൽ സ്ഥാനാർത്ഥിയായ മറ്റൊരു ബിജെപി നേതാവിനും പത്ത് ലക്ഷം കൊടുത്തെന്ന നന്ദകുമാറിന്റെ ആരോപണവും ‘എയറിൽ’ തന്നെയുണ്ട്.

ഇതിനിടെ കേരളത്തിലെ ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ അറിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ പറഞ്ഞതും കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്.ജാവഡേക്കറുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ദല്ലാള്‍ നന്ദകുമാറും പ്രകാശ് ജാവഡേക്കറും ഒരുമിച്ച്‌ കാറില്‍ കയറി പോകുന്ന ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്.സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിയായ ശേഷം കേരളത്തിലെത്തിയപ്പോഴാണ് ജാവഡേക്കർ നന്ദകുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ഒരേ വിമാനത്തിലാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. വിമാനമിറങ്ങിയ ശേഷം ബി.ജെ.പി. ഓഫീസില്‍ നിന്നുള്ള വാഹനം ഒഴിവാക്കിയാണ് ജാവഡേക്കർ നന്ദകുമാറിന്റെ കൂടെ കാറില്‍ പോയത്. ഈ ദൃശ്യങ്ങളടക്കമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.സോഷ്യൽ മീഡിയയിലടക്കം ഇത് വൈറലാണ്.

സി.ബി.ഐ. സ്റ്റാന്റിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കയ്യില്‍ നിന്ന് അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്നുള്ള നന്ദകുമാറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.നന്ദകുമാറിന്റെ ആരോപണം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തല്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ഭാഗത്തുനിന്നും ഉണ്ടായി. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാൻ ദല്ലാള്‍ നന്ദകുമാർ സമീപിച്ചെന്നും തുടർന്ന് താൻ പ്രശ്നത്തില്‍ ഇടപെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആരോപണം അനില്‍ ആന്റണി നിഷേധിച്ചതോടെ തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്ന് നന്ദകുമാർ വെല്ലുവിളിച്ചിട്ടുമുണ്ട്.

ബിജെപിയുടെ മറ്റൊരു തീപ്പൊരി നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.ഇതും കേരളത്തിൽ ചൂട് പിടിച്ച ചർച്ചയാകുകയാണ്.

Back to top button
error: