IndiaNEWS

‘ആരാണ് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്?’ കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകരുടെ 11 ചോദ്യങ്ങൾ; വെട്ടിലായി ബിജെപി 

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍. വോട്ട് ചോദിച്ച്‌ എത്തുന്ന ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ പതിനൊന്ന് ചോദ്യങ്ങളാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്.
”എന്തിനാണ് ഞങ്ങളുടെ വഴികള്‍ ഇരുമ്ബ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചത്? ആരാണ് സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തത്? ഇതിനെല്ലാം ഞങ്ങള്‍ക്ക് ഉത്തരം കിട്ടണം”

കര്‍ഷക രോഷം മറികടക്കാനായി ജാതി സമവായ നീക്കങ്ങളിലൂടെ സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ നടത്തി ബിജെപി മുന്നോട്ടു പോകുന്നതിനിടെയാണ്, സര്‍ക്കാരിനെ കുഴയ്ക്കുന്ന പതിനൊന്നു ചോദ്യങ്ങളുമായി കര്‍ഷകര്‍ രംഗത്തുവന്നിരിക്കുന്നത്.

 

Signature-ad

ചണ്ഡീഗഡിലെ കിസാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ബല്‍ബീര്‍ സിഭ് രജേവാള്‍, പ്രേം സിങ് ഭംഗു, രണ്‍വീത് സിങ് ബ്രാര്‍, അംഗ്രേജ് സിങ്, ബല്‍ദേവ് സിങ് നിഹല്‍ഘര്‍ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

 

ബിജെപി കര്‍ഷക വിരുദ്ധ, ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷ നേതാക്കള്‍ പറഞ്ഞു. മാത്രവുമല്ല, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരെ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഈ ചോദ്യങ്ങള്‍ അയച്ചുനല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

പഞ്ചാബില്‍ ഇതിനോടകം തന്നെ, ഗ്രാമങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ”കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനെ തടഞ്ഞു. ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതില്‍ ബിജെപിയെ നിരോധിച്ചിരിക്കുന്നു” എന്നെഴുതിയ പോസ്റ്ററുകള്‍ പഞ്ചാബ് ഗ്രാമങ്ങളില്‍ വ്യാപകമാണ്.

 

രണ്ടാം കര്‍ഷക സമരത്തെ സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക രോഷം ബിജെപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍.

Back to top button
error: