കൊല്ലം കണ്ണനല്ലൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവ് തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.
ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് പന്തീരാങ്കാവിൽ ഉറങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളി ടിപ്പര്‍ ലോറി കയറി മരിച്ചു. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കാന്‍ വന്ന ലോറിയാണ് ഉറങ്ങുകയായിരുന്ന സനിഷേക് കുമാറിനു മുകളിലൂടെ കയറിയത്.