അയോധ്യ: വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുര്‍ഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം.ഏറെ കൊട്ടിഘോഷിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതിയാണ്.ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
അടുത്തിടെ ഉദ്ഘാടനം നടന്ന രാമക്ഷേത്രത്തിലേക്ക് എത്താൻ ലോകത്തിലെ തന്നെ മികച്ച സൗകര്യങ്ങളോടെ പണികഴിപ്പിച്ചതാണ് അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ.
വെറും രണ്ടു മാസം കഴിഞ്ഞതോടെ മാലിന്യക്കൂമ്ബാരമായി മാറിയിരിക്കുകയാണ് റെയില്‍േവ സ്റ്റേഷൻ. ചുമരുകളിലാകെ മുറുക്കി തുപ്പിയതിന്‍റെയും പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്‍റെയും വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ശുചീകരണ കരാറുകാരന് അരലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ നടപടിയെടുത്തെങ്കിലും വീഡിയോ ഇപ്പോഴും വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതേസമയം സ്റ്റേഷന്‍ അടിയന്തരമായി വൃത്തിയാക്കുന്നതിന്‍റെ വിഡിയോ നോര്‍ത്തേണ്‍ റെയില്‍വേയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പങ്കുവെച്ചിട്ടുണ്ട്.
വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ നിലത്ത് പരന്നുകിടക്കുന്നു, തുപ്പല്‍ പുരണ്ട മതിലുകള്‍, നിറഞ്ഞൊഴുകുന്ന മാലിന്യകൊട്ട ഇവയെല്ലാം ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. റിയലിറ്റി പില്ലര്‍ എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
രാമക്ഷേത്രത്തിന്‍റ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നവീകരിച്ച സ്റ്റേഷന്‍ 2023 ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പമാണ് അയോധ്യ ജംഗ്ഷന്‍ എന്ന സ്റ്റേഷന്‍റെ പേര് അയോധ്യ ധാം എന്നാക്കി മാറ്റിയതും.