എറണാകുളം: പറവൂരില്‍ ഭര്‍തൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടും. നെറ്റിയില്‍ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകള്‍ ഷാനുവിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നു പൊലീസ് എയര്‍ പിസ്റ്റളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളില്‍ സെബാസ്റ്റ്യനാണ് (66) മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതിനു മുന്‍പ് വെടിവച്ചതാകാം എന്നാണ് കരുതുന്നത്. അല്ലെങ്കില്‍ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാല്‍ കഴുത്തു മുറിച്ചതുമാകാം.
വീട്ടിലെ അടുക്കളയില്‍ നിന്നാണ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തത്. ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ എറണാകുളത്തെ കടയില്‍ നിന്നാണു സെബാസ്റ്റ്യന്‍ വാങ്ങിയതെന്നു വ്യക്തമായി. എയര്‍ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ശേഷി വര്‍ധിപ്പിച്ച എയര്‍ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.