CrimeNEWS

പേരാമ്പ്രയിലെ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, മോഷണം ചെറുത്ത യുവതിയുടെ ശിരസ്സ് തോട്ടിൽ ചവിട്ടിത്താഴ്ത്തി; പ്രതി മുജീബ് റഹ്‌മാൻ ബലാത്സംഗം ഉൾപ്പെടെ 50ലധികം കേസുകളിൽ പ്രതി

  കോഴിക്കോട്  പേരാമ്പ്രയിലെ തോട്ടിലിട്ട് വാളൂരിലെ കുറുക്കുടി അനുവിനെ (26) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. ബലാത്സംഗം ഉൾപ്പെടെ 50ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ.

ആഭരണങ്ങൾ മോഷ്ടിക്കാൻ അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മോഷണം ചെറുക്കാൻ ശ്രമിച്ച യുവതിയുടെ ശിരസ്സ് പ്രതി മൃഗീയമായ രീതിയിൽ തോട്ടിൽ ചവിട്ടിത്താഴ്ത്തി. മരണത്തിനു മുൻപ് ബലപ്രയോഗം നടന്നു. കഴുത്തിലും കൈകളിലും ക്ഷതമേറ്റ പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. പീഡനം നടന്നതിന്റെ ലക്ഷണമില്ല.

തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടിരു. കമ്മൽ മാത്രമാണ് ശരീരത്തിൽ   ശേഷിച്ചത്.. അത് സ്വർണവുമല്ല.

ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടത്.  ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ല തോട്ടില്‍. സംഭവദിവസം രാവിലെ അനു ബൈക്കില്‍  കയറിപ്പോകുന്നതായി കണ്ടെന്ന് സമീപവാസി പെലീസിനെ അറിയിച്ചിരുന്നു.

അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അനു സ്വന്തം വീട്ടിലായിരുന്നു. ഭര്‍ത്താവ് ഇരിങ്ങണ്ണൂര്‍ സ്വദേശി പ്രജില്‍ രാജിനെ തിങ്കളാഴ്ച ആശുപത്രിയില്‍ കാണിക്കാനാണ് അനു വീട്ടില്‍നിന്ന് പോയത്. മുളിയങ്ങലില്‍ കാത്തുനില്‍ക്കാനാണ് പറഞ്ഞത്. പക്ഷേ ഭര്‍ത്താവ് എത്തിയപ്പോള്‍ അനുവിനെ കണ്ടില്ല. പ്രജില്‍ ആശുപത്രിയില്‍ പോയി തിരിച്ചെത്തിയിട്ടും അനു വരാതിരുന്നതോടൊണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഒടുവിൽ കൊലയാളി വലയിൽ വീണു.

മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിനടുത്തു വച്ച് അനുവിനെ കാണുന്നത്.

അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി നിന്ന അനുവിന് സമീപം പ്രതി ബൈക്കിലെത്തി. പോകേണ്ട സ്‌റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു.

യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചു കൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്ത ശേഷമാണ് പ്രതി അവിടെ നിന്നും രക്ഷപ്പെട്ടത്.

മോഷ്ടിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിച്ചു. യുവതിയുടെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടോട്ടി സ്വദേശിക്ക് കൈമാറിയെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. മലപ്പുറം സ്വദേശിയായ പ്രതിയെ താമസസ്ഥലത്തു നിന്നും അതിസാഹസികമായിട്ടാണ് പൊലീസ് പിടികൂടിയത്.

മുങ്ങിമരിക്കാൻമാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Back to top button
error: