KeralaNEWS

സി.പി.എമ്മുമായുള്ള പിണക്കം അവസാനിപ്പിച്ച് എസ്. രാജേന്ദ്രന്‍; എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍

ഇടുക്കി: സി.പി.എമ്മുമായുള്ള പിണക്കം അവസാനിപ്പിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാന്‍ രാജേന്ദ്രന്‍ തീരുമാനിച്ചത്. ഇതോടെ മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചു.

അതേസമയം, ബി.ജെ.പി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് എസ്.രാജേന്ദ്രന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കള്‍ സമീപിച്ചതെന്നും ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കള്‍ വന്നകാര്യം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ വാതില്‍ പൂര്‍ണമായി അടഞ്ഞാല്‍ മാത്രമേ മറ്റു വഴികള്‍ തേടുവെന്നും എസ്. രാജേന്ദ്രന്‍ അന്ന് വ്യക്തമാക്കി.

 

Back to top button
error: