CrimeNEWS

ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗുജറാത്ത് സര്‍വകലാശാലയിലെ 5 വിദേശ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

അഹമ്മദാബാദ്: ഹോസ്റ്റല്‍മുറിയില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗുജറാത്ത് സര്‍വകലാശാലയിലെ അഞ്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിദേശ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സര്‍വകലാശാലയിലെ ബ്ലോക്ക് എയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സ്വന്തം മുറികളില്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകള്‍ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലില്‍ പ്രവേശിച്ചു. ഇവര്‍ വിദ്യാര്‍ഥികളുടെ നമസ്‌കാരം തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു.

Signature-ad

”പുറത്തുനിന്നുള്ള 1015 പേര്‍ ഹോസ്റ്റല്‍ ക്യാംപസിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രശ്‌നമുണ്ടാക്കിയത്. ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ അതില്‍ രണ്ടുമൂന്നുപേര്‍ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. നമസ്‌കരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്ന് അവര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി നമസ്‌കരിക്കുന്നവരെ അവര്‍ ആക്രമിച്ചു. ഞങ്ങളെ സഹായിക്കാനെത്തിയ മറ്റു വിദേശ വിദ്യാര്‍ഥികളെയും അവര്‍ ആക്രമിച്ചു. മുറിയില്‍ അതിക്രമിച്ചു കയറി സംഘം ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും നശിപ്പിച്ചു.” അക്രമത്തിനിരയായ അഫ്ഗാന്‍ വിദ്യാര്‍ഥി പറഞ്ഞു.

സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി അഹമ്മദാബാദ് പോലീസ് അറിയിച്ചു. പരുക്കേറ്റ വിദ്യാര്‍ഥികളില്‍ ഒരാള്‍ ആശുപത്രിയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Back to top button
error: