SportsTRENDING

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവുമായി അഡ്രിയാൻ ലൂണ എത്തുന്നു; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും

കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്.പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്.

സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ.

ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല.

 

ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഓരോ അപ്ഡേറ്റിനും ആവര്‍ പ്രതീക്ഷയോടെയാണ് ചെവിയോര്‍ക്കുന്നത്. ഇപ്പോഴിതാ ലൂണ തന്നെ, തന്റെ മടങ്ങിവരവിനെക്കുറിച്ചും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനെക്കുറിച്ചും പറയുകയാണ്.

 

പൂർണമായും ഫിറ്റായി വരാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നും എന്നാൽ മാർച്ച് 15 മുതൽ പരിശീലനം ആരംഭിക്കുമെന്നും താരം പറഞ്ഞു.ക്രാവിൻ യുട്യൂബ് വീഡിയോക്ക് അനുവദിച്ച അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.മാർച്ച്‌ പകുതിയോടെ ലൂണ പരിശീലനം ആരംഭിക്കുമെന്ന് ,പരിശീലകന്‍ വുക്കമിനോവിച്ചും  നേരത്തെ വ്യക്തമാക്കിയിരുന്നു.

 

സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നാണ് ലൂണ പറയുന്നത്. ഒരു കളിക്കാരനെ സംബന്ധിച്ച്‌ പരിക്കേറ്റ് പുറത്തിരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ചികിത്സയും മറ്റും നല്ല രീതിയില്‍ തന്നെയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമെന്നുതന്നെയാണ് കരുതുന്നതെന്നും ലൂണ പറയുന്നു.

 

2023 കലണ്ടർ വർഷത്തില്‍ ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 2024ല്‍ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു എന്നത് ആരാധകര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാനാകുന്നില്ല. കൊച്ചിയില്‍ എഫ് സി ഗോവയ്ക്ക് എതിരെ 4-2 ന് ജയിച്ചത് മാത്രമാണ് അവർക്ക് ഇതിനിടെ ആശ്വസിക്കാനുള്ളത്.

 

സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ മികച്ച പ്രകടനത്തോടെ കിരീടപ്രതീക്ഷ നല്‍കിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. ടീമിലെ പ്രധാന താരങ്ങളില്‍ പലരും പരിക്കേറ്റു പുറത്തായാണ്  ടീമിന് തിരിച്ചടിയായത്.

Back to top button
error: