തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന സർവീസ് റോഡില്‍നിന്ന് 8 മീറ്റർ താഴ്‌ചയിലേക്കു വീണ് ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം.
തൃശൂർ-കോഴിക്കോട് റൂട്ടിലെ ബസ് കണ്ടക്ടറും സാമൂഹിക പ്രവർത്തകനുമായ പെരുവള്ളൂർ കരുവാങ്കല്ല് ഉഴുന്നൻ സജാദ് (25) ആണ് മരിച്ചത്.
പുലർച്ചെ 3.45ന് തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനു സമീപത്താണ് അപകടം. രാത്രി 10ന് യാത്ര അവസാനിപ്പിച്ച ബസിന്റെ അറ്റകുറ്റപ്പണികളും മറ്റും കഴിഞ്ഞു പുലർച്ചെ 3നു കോഴിക്കോട്ടുനിന്നു വീട്ടിലേക്കു പോകുകയായിരുന്നു സജാദ്.
ബാരിക്കേഡോ മറ്റ് മുന്നറിയിപ്പുകളോ ഇല്ലാതിരുന്ന ഭാഗത്തായിരുന്നു ബൈക്ക് താഴ്ചയിലേക്കു പതിച്ചത്.അപകടസ്ഥലത്തിന് 250 മീറ്റർ അകലെ കഴിഞ്ഞ വർഷം ഒരാള്‍ കുഴിയില്‍ വീണു മരിച്ചിരുന്നു.