ഗുരുവായൂരിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ്, വ്യാജപ്രചാരണമെന്ന് ദേവസ്വം ചെയര്മാന്
ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ്. ദേവസ്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തായത്. ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൃത്യമായ കണക്കുകള്‍ ദേവസ്വത്തിലില്ല എന്നും, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഓഡിറ്റ് നടന്നില്ലെന്നും കണ്ടെത്തി.
ആദായനികുതി വകുപ്പ് നോട്ടീസുകള്‍ ദേവസ്വം തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. റെയ്ഡിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഇതിനിടെ ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തി എന്നത് വ്യാജപ്രചാരണവും തെറ്റിദ്ധാരണാജനകവുമാന്നെന്ന് ദേവസ്വം ചെയര്മാന് ഡോ. വി.കെ വിജയന്. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ആദായ നികുതി വകുപ്പിനെ ഒരു രൂപ പോലും ദേവസ്വം കബളിപ്പിച്ചിട്ടില്ലെന്നും ചെയര്മാന് പറഞ്ഞു.
കേരള നിയമസഭ പാസാക്കി രാഷ്ട്രപതി അംഗീകരിച്ച ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978 പ്രകാരമാണ് ദേവസ്വം പ്രവര്‍ത്തിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ എല്ലാവരുമാനങ്ങളും ആദായ നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും ചെയര്മാന് അറിയിച്ചു.