കൊല്ലം: കരുനാഗപ്പള്ളിക്ക് സമീപമുള്ള തൊടിയൂർ നടുങ്ങിപ്പോയ ദിവസമായിരുന്നു ഇന്നലെ. ഏഴും രണ്ടും വയസ്സുള്ള മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി.
മുപ്പത്തിമൂന്ന് വയസുള്ള അർച്ചനയാണ് മരിച്ചത്. മക്കളായ ഏഴു വയസുകാരിയും രണ്ടു വയസുകാരനും ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലാണ്.
രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവർ എത്തിയപ്പോള്‍ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനല്‍ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചു. കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അർച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിനിയായ അർച്ചന സുഡാനില്‍ ഏറെ വർഷം നഴ്സിംഗ് ജോലി ചെയ്തിരുന്ന ആളാണ്.